കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമോചന തീവ്രയത്ന പരിപാടിയായിരുന്നു വേദി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിദ്യാര്ത്ഥികളോടൊപ്പമെടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത സുഭാഷ് ചന്ദ്രന് തൊട്ടുപിന്നാലെ നടത്തിയ പ്രസംഗത്തില്‍ തീരുമാനം പ്രഖ്യാപിച്ചു. കുട്ടികളോടൊപ്പം ചൊല്ലിയ പ്രതിജ്ഞയുടെ ധാര്മ്മികതയുള്ക്കൊണ്ട് വല്ലപ്പോഴുമുള്ള മദ്യപാനം എന്നെന്നേക്കുമായി ഉപേക്ഷിയ്ക്കുന്നതായി അറിയിച്ചു. പ്രിയ എഴുത്തുകാരന്റെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ലഹരി വിമോചന തീവ്രയത്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നവ സമൂഹസൃഷ്ടിക്കായി ജീവിതത്തില്‍ നിന്നും ലഹരി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ലഹരി വിമുക്ത ബോധവല്കരണം വ്യക്തികളിലോ കുടുംബങ്ങളിലോ മാത്രം ഒതുങ്ങാതെ നടപ്പാക്കാനാകണം. അതിനായി സമൂഹമാകെ പദ്ധതിയില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളം സമഗ്ര വികസനത്തിന്റെ പാതയിലാണ്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടന്നു വരുന്ന സന്ദര്‍ഭമാണിത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നവകേരളം കെട്ടിപ്പടുക്കുകയെന്ന കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുജന പിന്തുണയോടെ മാത്രമേ പദ്ധതി വിജയിപ്പിക്കാനാകൂ. അതിന് ഏവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കേരള സമൂഹത്തിനു മുന്നില്‍ വെച്ചിട്ടുള്ള ഈ യത്നത്തില്‍ എല്ലാ വകുപ്പുകളും സമൂഹവും പങ്കാളികളാകണമെന്ന് മുഖ്യ പ്രഭാഷണത്തില്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭ്യര്‍ത്ഥിച്ചു. ലഹരി മുക്ത ക്യാംപസ് എന്ന ആശയത്തിലൂന്നി പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.ലഹരിക്കെതിരേ പ്രത്യേക പോര്‍ട്ടല്‍ തയാറാക്കി ക്ലാസുകളിലും മാതാപിതാക്കളിലും എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗതുകത്തിനും പ്രലോഭനങ്ങള്‍ക്കും വിധേയമായാണ് ബഹുഭൂരിപക്ഷം പേരും മയക്കുമരുന്നും ലഹരിവസ്തുക്കളുമൊക്കെ ഉപയോഗിച്ചുതുടങ്ങുന്നത്. തെറ്റ് തിരിച്ചറിയുമ്പോഴേക്കും തിരുത്താനാവാത്തവിധം അവര്‍ അടിമപ്പെട്ടുകഴിഞ്ഞിരിക്കും. വ്യക്തിബന്ധങ്ങളുടെ തകര്‍ച്ചയും ഒറ്റപ്പെടലും മാരകരോഗങ്ങളും വ്യക്തികളെ രക്ഷപ്പെടാനാവാത്ത സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നു. സമൂഹത്തോടും നാടിനോടും ഉത്തരവാദിത്വമുള്ള ആര്‍ക്കും ഇവിടെ കാഴ്ചക്കാരായിരിക്കാനാവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് ജാഗ്രതയോടെ കാണണം. രക്ഷകര്‍ത്താക്കളും അധ്യാപകരും അധ്യാപകരക്ഷാകര്തൃസമിതികളും പരിസരവാസികളും ഇത് ഗൗരവമായി കണ്ട് തിരുത്തല്‍ നടപടികള്‍ക്ക് ശ്രമിക്കണം.. വിദ്യാലയ പരിസരങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതിനെതിരെ ജനകീയ സഹകരണത്തോടെ സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും യുവാക്കളും തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, സ്പോര്‍ട്സ് കൗണ്‍സില്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍എസ്എസ്, എന്‍സിസി, മദ്യവര്‍ജ്ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി-യുവജന-മഹിളാസംഘടനകള്‍, ട്രേഡ് യൂണിയനുകള്‍ തുടങ്ങി എല്ലാ മേഖലകളിലും നിന്നുള്ളവര്‍ വിമുക്തി കര്‍മ്മപദ്ധതിയുടെ ഭാഗമാണ്. സമൂഹമാകെ കര്‍മ്മപദ്ധതിക്ക് പിന്തുണയുമായി രംഗത്തുവന്നത് ഏറെ ശ്രദ്ധേയവും പ്രതീക്ഷപകരുന്നതുമാണെന്നും മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു.
കര്‍മ്മപദ്ധതി പൂര്‍ത്തിയാകുന്ന ജനുവരി 30ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിക്കെതിരെ പ്രതിജഞ, യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വിമുക്തിജ്വാല, പ്രചാരണ ജാഥകള്‍, സൈക്ലത്തോണ്‍, വാക്കത്തോണ്‍, ബൈക്കത്തോണ്, കൂട്ടയോട്ടം, റാലികള്‍, ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തുടങ്ങി വിവിധ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള മുന്നേറ്റത്തിന് ഭരണ-പ്രതിപക്ഷ വ്യത്യാസമോ ജാതി-മത ഭേദമോ ഇല്ലാതെ നാടൊന്നാകെ അണിനിരക്കണം. ലഹരി മാഫിയയുടെ വേരറുക്കാന്‍ അതിശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ തുടരും. അതോടൊപ്പം ലഹരിക്കടിമപ്പെടാതെ സമൂഹത്തെ സംരക്ഷിക്കാനും ലഹരിയുടെ പിടിയിലകപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കാനും, തെറ്റുതിരുത്തി ജീവിതം വീണ്ടെടുത്തു നല്‍കുന്നതിനും സാധ്യമായ എല്ലാ നടപടികളും ഗവണ്മെന്റ് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍മ്മപദ്ധതി പ്രൊഫ.സി.രവീന്ദ്രനാഥിന് കൈമാറി മന്ത്രി ടി.പി.രാമകൃഷ്ണന് നാടിന് സമര്‍പ്പിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന് ലഹരിവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി 90 ദിവസത്തെ തീവ്രയത്ന പരിപാടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച കര്‍മ്മപദ്ധതി ജനുവരി 30-ന് സമാപിക്കും.