പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള വള്ളസദ്യ വ്യാഴാഴ്ച മുതൽ. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലാത്തതിനാൽ ഒരു ദിവസം 12 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇത്തവണ വള്ളസദ്യ അനുവദിച്ചിട്ടുള്ളത്. ഇതു വരെ 360ലേറെ വള്ളസദ്യകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 4ന് തുടക്കം കുറിക്കുന്ന വള്ളസദ്യ 67 ദിവസം നീണ്ടു നിൽക്കുന്ന പമ്പാ നദീ ഉത്സവമായി ഒക്ടോബർ 9 ന് സമാപിക്കും.
ഈ നദീ ഉത്സവ കാലത്തിനിടയിൽ പരമ്പരാഗത ചുണ്ടൻ വള്ളങ്ങളായ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന തിരുവോണത്തോണി വരവേൽപ്പ്, ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ, അയിരൂർ മാനവ മൈത്രി ജലോത്സവം, റാന്നി അവിട്ടം ജലോത്സവം, ആദിപമ്പ-വരട്ടാർ ജലോത്സവം, ഇറപ്പുഴ ചതയം ജലോത്സവം എന്നിവ നടക്കും.
ഓഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന വള്ളസദ്യക്കുള്ള ഒരുക്കത്തിലാണ് ആറന്മുള പള്ളിയോട സേവാ സംഘവും കരക്കാരും. കോവിഡ് നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലാത്തതിൽ ഒരു ദിവസം 12 പള്ളിയോടങ്ങൾക്ക് മാത്രമായിരിക്കും ഇത്തവണ വള്ളസദ്യ അനുവദിക്കുക. നേരത്തെ 17 പള്ളിയോടങ്ങൾക്കായിരുന്നു വള്ളസദ്യ നൽകിയിരുന്നത്.
പള്ളിയോടമെന്നാൽ പാർഥസാരഥിയായ ശ്രീകൃഷ്ണൻ പള്ളികൊള്ളുന്ന ജലയാനം എന്നാണ് അർഥം. അതിനാൽ പള്ളിയോടം തുഴയുന്നവർ പാർഥസാരഥിയുടെ പ്രതിനിധികളാണ്. അവർക്ക് വിഭവസമൃദ്ധമായ സൽക്കാരമായി സദ്യ നൽകുന്നത് പാർഥസാരഥിക്കുള്ള വഴിപാടായാണ് കാണുന്നത്. ഇങ്ങനെ സദ്യ നൽകി വന്ന പതിവ് 64 സസ്യ വിഭവങ്ങളുമായി മഹാസദ്യയായി കാലക്രമത്തിൽ പരിണമിച്ചു. ആദ്യകാലത്ത് അതത് പള്ളിയോടക്കരകളിലാണ് സദ്യ നൽകിയിരുന്നത്. വടശ്ശേരിക്കരമുതൽ പള്ളിപ്പാട് വരെ പമ്പയുടെ ഇരുകരകളിലുമായി നീണ്ടു കിടക്കുന്ന കരകളായിരുന്നു ഇവ. പിന്നീട് വള്ളസദ്യ ക്ഷേത്രത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
പള്ളിയോട സേവാ സംഘം നിർദേശിച്ചിട്ടുള്ള പാചകക്കാരാണ് തുഴച്ചിൽകാർക്ക് സദ്യ തയ്യാറാക്കുക. 64 വിഭവങ്ങളാണ് ആറമുള വള്ള സദ്യയുടെ പ്രത്യേകത. പ്രളയവും കോവിഡും തകർത്ത ആറന്മുളയുടെ ഉത്സവകാലം ഇത്തവണ പെരുമയോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് പള്ളിയോട സേവാസംഘവും കരക്കാരും. 2 വർഷത്തെ ഇടവേളക്ക് ശേഷം വള്ളംകളിയും നടക്കും. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയാണ് ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആചാരങ്ങളാണ്. ആറന്മുളയുടെ 52 പള്ളിയോടങ്ങൾ പമ്പാ നദിയുടെ വിരിമാറിലൂടെ ഒന്നൊന്നായി തുഴഞ്ഞ് നീങ്ങുന്ന കാഴ്ചയുടെ പൂരമാണ് 2022 സെപ്റ്റംബർ 11 ന് ഉത്രട്ടാതി ജലോൽസവത്തിൽ കാണുന്നത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു.
വള്ളപ്പാട്ടും പാടി ക്കൊണ്ടാണ് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നത്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാർ ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ല.
വള്ളസദ്യ വിഭവങ്ങൾ - 1 ചോറ്, 2, പരിപ്പ്, 3. പർപ്പിടകം. 4. നെയ്യ്, 5. അവിയൽ, 6 സാമ്പാർ, 7 തോരൻ, 8 പച്ചടി, 9 കിച്ചടി, 10 നാരങ്ങ, 11 ഇഞ്ചി, 12 കടൂമാങ്ങ, 13 ഉപ്പുമാങ്ങ, 14 ആറന്മുള എരിശ്ശേരി, 15 കാളൻ, 16 ഓലൻ, 17 രസം, 18 മോര്, 19 അടപ്രഥമൻ, 20 പാൽപ്പായസം, 21 പഴം പ്രഥമൻ, 22 കടലപ്രഥമൻ, 23 ഏത്തയ്ക്ക ഉപ്പേരി, 24 ചേമ്പ് ഉപ്പേരി, 25 ചേന ഉപ്പേരി, 26 ശർക്കര പുരട്ടി, 27 സ്റ്റൂ, 28 കാളിപ്പഴം, 29 ഏള്ളുണ്ട, 30 പരിപ്പുവട, 31 ഉണ്ണിയപ്പം, 32 കൽക്കണ്ടം, 33 ശർക്കര, 34 പഞ്ചസാര, 35 ഉണക്ക മുന്തിരിങ്ങ, 36 കരിമ്പ്, 37 മെഴുക്ക് പുരട്ടി, 38 ചമ്മന്തിപ്പൊടി, 39 നെല്ലിക്ക അച്ചാർ, 40 ഇഞ്ചിത്തൈര്, 41 പഴം നുറുക്ക്, 42 ജീരകവെള്ളം, 43 അവൽ, 44 മലർ. എന്നിവയാണ് വള്ളസദ്യയുടെ സാധാരണ വിഭവങ്ങൾ. കൂടാതെ വഞ്ചിപ്പാട്ട് പോലെ തന്നെ വള്ളസദ്യപ്പാട്ടുകളിലൂടെ പാടി ചോദിക്കുന്ന നിശ്ചിത വിഭവങ്ങളുമുണ്ട്. 1 പഞ്ചസാര, 2 വെണ്ണ, 3 കാളിപ്പഴം, 4 കദളിപ്പഴം, 5 പൂവമ്പഴം, 6 തേൻ, 7 ചുക്കുവെള്ളം, 8 ചീരത്തോരൻ, 9 മടന്തയില തോരൻ, 10 തകരയില തോരൻ, 11 വഴുതനങ്ങ മെഴുക്ക് പുരട്ടി, 12 അമ്പഴങ്ങ, 13 ഉപ്പുമാങ്ങ, 14 പഴുത്തമാങ്ങക്കറി, 15 പാളത്തൈര്, 16 ഇഞ്ചിത്തൈര്, 17 വെള്ളിക്കിണ്ടിയിൽ പാൽ, 18, അടനേദ്യം, 19 ഉണക്കലരിച്ചോറ്, 20 പമ്പാതീർഥം എന്നിവയാണ് പാടിച്ചോദിക്കുന്ന വള്ളസദ്യവിഭവങ്ങൾ.