ബിനാലെയിൽ ദേവിസീതാറാമൊരുക്കിയ 'ബ്രദേഴ്സ്, ഫാദേഴ്സ്, അങ്കിൾസ്' എന്ന കേരളീയ പശ്ചാത്തലത്തിലുള്ള പെയിന്റിംഗുകളിൽ സ്ത്രീകളില്ല. മടക്കിക്കുത്തിയും അല്ലാതെയും കസവുമുണ്ടുടുത്ത പുരുഷന്മാരുടെ കയ്യിൽ പത്രവും കാലൻകുടയും തിളങ്ങുന്ന ചെമ്പ് തൂക്കുപാത്രവും കാണാം. ഇതേക്കുറിച്ച് ദേവി നിലപടിങ്ങനെ: "പൊതു ഇടങ്ങളിലെ ആൺകോയ്മയുടെ പ്രതീകമാണിത്. മുണ്ടിന്റെ രാഷ്ട്രീയവും അതിന്റെ പ്രതീകാത്മക ശക്തിയും ഉദ്ദേശിച്ചിട്ടുണ്ട്."
മാറുന്ന കാലത്തും തന്റെ നാട്ടിൽ പുരുഷാധീശത്വത്തിനുണ്ടാകുന്ന വേരോട്ടവും സ്വീകാര്യതയും സംബന്ധിച്ച ചിന്തകളിൽ വ്യാപൃതയാണ് ദേവി സീതാറാം. 2016 മുതൽ ആൺകോയ്മ പ്രമേയമാക്കിയ സൃഷ്ടികൾക്ക് ഈ 32 കാരി തുടക്കം കുറിച്ചു. മതപരമായ ചടങ്ങുകൾ തൊട്ട് രാഷ്ട്രീയ ജാഥകൾ വരെ പുരുഷ മേൽക്കോയ്മ പ്രകടമായ നിരവധി ആർക്കൈവുകൾ ശേഖരിച്ചു.
സ്ത്രീകൾക്ക് അപൂർവ്വമായി മാത്രം പ്രാപ്യമായ സാമൂഹിക കൂട്ടായ്മകളുടെ കർത്തൃത്വത്തിനായി യത്നിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാരെ ചിത്രങ്ങളിൽ അടയാളപ്പെടുത്താൻ പരമ്പരാഗത രീതിയിൽ കസവുകരയുള്ള മുണ്ടുടുത്തവരാക്കി. മുണ്ടിന്റെ കോന്തലയിൽ ഇഴുകിച്ചേർന്ന പുരുഷാധിപത്യ നാട്യങ്ങൾ വിവിധയിടങ്ങളിൽ ആവർത്തിതമാക്കി. അധീശത്വ ത്വരയുള്ള ആൺകൂട്ടങ്ങളുടെ രൂപപ്പെടൽ ദേവിയുടെ പെയിന്റിംഗുകളിൽ കണ്ടെത്താനാകും. പുരുഷ മേധാവിത്ത കൂട്ടായ്മയെന്ന സാമൂഹ്യ പ്രതിഭാസത്തെ ദേവി അഭിമുഖീകരിക്കുന്ന രീതി കാലത്തിനതീതമാണെന്ന് തിരിച്ചറിയാൻ ചിത്രങ്ങളിലെ സ്ഥലകാല സംബന്ധിയായ സൂചനകൾ ഒഴിവാക്കിയാൽ മതി.
"ആലപ്പുഴയിൽ നടന്ന 'ലോകമേ തറവാട്' പ്രദർശനത്തിൽ 'ബ്രദേഴ്സ്, ഫാദേഴ്സ്, അങ്കിൾസ്' ആവിഷ്കാരത്തിന്റെ ചെറുരൂപം ഇടംപിടിച്ചിരുന്നു. കൂടുതൽ നന്നായി സംവദിക്കാൻ വലിയ ക്യാൻവാസ് ഉതകുമെന്ന് തിരിച്ചറിഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ഇടത്തെ സ്വന്തം സ്റ്റുഡിയോയിൽ അതിനു ഒരുങ്ങവെ അപ്രതീക്ഷിതമായി കൊച്ചി ബിനാലെ അഞ്ചാംപതിപ്പിലേക്ക് ക്ഷണം കിട്ടി. പിന്നെ കൃത്യം നാലുമാസം കൊണ്ട് വലിയ ക്യാൻവാസിൽ മൂന്നു പെയിന്റിംഗുകളുടെ പരമ്പര തീർക്കുകയായിരുന്നു. ക്യാൻവാസിൽ പെയിന്റിന്റെ പാളികൾ തീർത്ത് പരുപരുത്ത പ്രതലമുണ്ടാക്കി അതിലാണ് അക്രിലിക്കിൽ ചിത്രങ്ങൾ വരയുന്നത്." തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ച ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ എത്തിയ ദേവി സീതാറാം പറഞ്ഞു.
ബിനാലെയിലെ അവതരണം വിപുലമായ മികച്ച പ്രതികരണങ്ങളാണ് നൽകുന്നതെന്നും കബ്രാൾയാർഡ് ബിനാലെ പവിലിയനിൽ കലാപരിശീലകരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കൂടിയെത്തിയ ദേവി വ്യക്തമാക്കി. മുൻ ഇന്ത്യൻ അംബാസഡർ ടി പി സീതാറാമിന്റെ മകളായ ദേവി തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും പിതാവിന്റെ ഉദ്യോഗം നിമിത്തം 11 വിവിധ രാജ്യങ്ങളിലാണ് പഠിച്ചുവളർന്നത്. എങ്കിലും കലാവിഷ്കാരത്തിന് സ്വന്തം നാടിനെതന്നെയാണ് കലാവിഷ്കാരത്തിന് കണ്ടെത്തിയത്. വിദേശത്തുൾപ്പെടെ നിരവധി പ്രദർശനങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു.