കോടികൾ വാഗ്ദാനം ചെയ്ത ഫെയർനെസ്സ് ക്രീം പരസ്യം തെന്നിന്ത്യൻ താരം സായ് പല്ലവി വേണ്ടെന്നു വെച്ചത് നേരത്തേ തന്നെ വലിയ വാർത്തയായിരുന്നു. രണ്ട് കോടി രൂപയാണ് സായ് പല്ലവിക്ക് ഫെയർനെസ്സ് ക്രീം പരസ്യത്തിൽ അഭിനയിക്കാൻ പ്രമുഖ ബ്രാൻഡ് ഓഫർ ചെയ്തത്. എന്നാൽ ഈ പണം തനിക്ക് ആവശ്യമില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു.
അത്തരം ഒരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് താൻ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു സായ് പല്ലവിയുടെ ചോദ്യം. വീട്ടിൽ ചെന്നാൽ മൂന്ന് ചപ്പാത്തിയോ ചോറോ ആണ് താൻ കഴിക്കാറ്. മറ്റ് വലിയ ആവശ്യങ്ങളൊന്നും തനിക്കില്ല. ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിന് എന്തു ചെയ്യാൻ കഴിയുമെന്നോ അതല്ലെങ്കിൽ നമ്മുടെ നിലവാരം തെറ്റാണെന്ന് പറയാൻ കഴിയുമോ എന്നാണ് താൻ നോക്കുന്നത്. ഇന്ത്യക്കാരുടെ നിറം ഇതാണ്. സായ് പല്ലവി നിലപാട് വ്യക്തമാക്കി.
പെപ്സിയുടെ പരസ്യത്തിൽ നിന്ന് പിന്മാറാൻ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനെ പ്രേരിപ്പിച്ചത് ഒരു കൊച്ചു പെൺകുട്ടിയാണ്. ടീച്ചർ വിഷമാണെന്ന് പറഞ്ഞ പാനീയം കുടിക്കാൻ എന്തിനാണ് അമിതാഭ് ബച്ചൻ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. മദ്യത്തിന്റേയും ടൊബാക്കോ ഉത്പന്നങ്ങളുടേയും പരസ്യത്തിലും അമിതാഭ് ബച്ചൻ അഭിനയിക്കാറില്ല.