ന്യൂഡൽഹി: ആരോഗ്യ-സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമെന്നവണ്ണം ചില വ്യാജ മരുന്നുകളുടെ പരസ്യം പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. മാന്ത്രികമായ പരിഹാരമുണ്ടാക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് നിയമഭേദഗതിയിലൂടെ (ഓബ്ജക്ഷണബിൾ അഡ്വൈർടൈസ്മെന്റ് ആക്ട്, 1954) അഞ്ച് വർഷം തടവും 50 ലക്ഷം രൂപ പിഴയും ഇടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഇത്തരമൊരു നിർദ്ദേശവുമായി രംഗത്തെത്തിയത്.
ലൈംഗികത വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ അല്ലെങ്കിൽ ചികിത്സ, ലൈംഗിക ശേഷിയില്ലായ്മ, ശീഖ്രസ്ഖലനം, ബീജത്തിന്റെ ഗുണനിലവാരമില്ലായ്മ, ചർമ്മത്തിന്റെ ഭംഗി, അകാല വാർദ്ധക്യം, എയ്ഡ്സ്, ഓർമ്മക്കുറവ്, കുട്ടികളുടെ / മുതിർന്നവരുടെ ഉയരം, ലൈംഗിക അവയവങ്ങളുടെ വലുപ്പം, ലൈംഗികബന്ധത്തിന്റെ ദൈർഘ്യം, മുടിയുടെ അകാല നര, സ്ത്രീകളിലെ വന്ധ്യത, ആർത്തവ തകരാറുകൾ, അമിതവണ്ണം, മാനസികരോഗം, മദ്യപാനം എന്നിവയ്ക്കുള്ള വ്യാജ മരുന്നുകളുടെ പരസ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്.