നിങ്ങള്‍ രാജസ്ഥാനിലേക്ക് ഒരു അവധിക്കാല യാത്ര പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ രാജസ്ഥാൻ യാത്രയ്ക്കായി തിരഞ്ഞെടുക്കേണ്ട. കുറച്ച് മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കാനും പുതിയ കാഴ്ച്ചകൾ കാണാനും പറ്റിയ സമയമാണ്.
രാജസ്ഥാനില്‍ നിരവധി മഹത്തായ പൈതൃക മ്യൂസിയങ്ങള്‍ ഉണ്ട്, മാത്രമല്ല, വൈവിധ്യമാര്‍ന്നതും പരമ്പരാഗതവുമായ പാചകരീതിയും ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്. ഘേവര്‍, ദാല്‍ ബാത്തി ചുര്‍മ, ലാല്‍ മാസ് എന്നിവയാണ് രാജസ്ഥാനിലെ പ്രധാന വിഭവങ്ങൾ. നിങ്ങള്‍ രാജസ്ഥാനിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍, തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഹവാ മഹല്‍ (Hawa Mahal)- രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് ഹവാ മഹല്‍. 1799ല്‍ രാജാ സവായ് പ്രതാപ് സിംഗ് ആണ് മഹല്‍ നിര്‍മ്മിച്ചത്. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പുറംലോകം വീക്ഷിക്കാനായി പണിതീര്‍ത്തതാണ് ഈ മാളിക. ധാരാളം ചെറിയ ജാലകങ്ങള്‍ ഉള്ള ഈ മാളിക അഞ്ച് നിലകളിലായാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത 953 ജാലകങ്ങള്‍ ഈ മാളികയ്ക്കുണ്ട്. ലാല്‍ ചന്ദ് ഉസ്ത എന്ന ശില്‍പ്പിയാണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്.
2. ജയ്പൂര്‍ വാക്സ് മ്യൂസിയം (Jaipur Wax Museum) - ജയ്പൂര്‍ വാക്സ് മ്യൂസിയം നഹര്‍ഗഡ് കോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. അമിതാഭ് ബച്ചന്, മഹാത്മാ ഗാന്ധി, ഭഗത് സിംഗ്, രബീന്ദ്രനാഥ് ടാഗോര്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ 30-ലധികം മെഴുക് പ്രതിമകള്‍ മ്യൂസിയത്തിലുണ്ട്. സുശാന്ത റായ് എന്ന പ്രശസ്തനായ ശില്പ്പിയുടെ നേതൃത്വത്തിലാണ് മെഴുകു പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. (Photo- jaipurwaxmuseum.com)
3. വിന്റേജ് കാര്‍ കളക്ഷന്‍ (Vintage car collection) - രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഗാര്ഡന് ഹോട്ടലിന്റെ അടുത്താണ് വിന്റേജ് കാര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരിലെ രാജാക്കന്മാരുടെ ഉടമസ്ഥതയിലുള്ള കാഡിലാക്ക്, ഷെവര്‍ലെ, മോറിസ് തുടങ്ങിയ വിന്റേജ്, ക്ലാസിക് വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അരവിന്ദ് സിംഗ് മെവാറിന്റെ ഉടമസ്ഥതയിലാണ് ഈ മ്യൂസിയം. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചില വാഹനങ്ങള്‍ 70 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെങ്കിലും, ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. വിന്റേജ് കാര്‍ മ്യൂസിയം 2000 ഫെബ്രുവരി 15നാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. (Photo- udaipurtourism.co.in)
5. മെഹ്റാന്‍ഗഡ് ഫോര്‍ട്ട് ആന്‍ഡ് മ്യൂസിയം (Mehrangarh fort and museum) - ജോധ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട, 400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണിത്. ഈ കോട്ടയിലെ മ്യൂസിയത്തില്‍ രാജക്കന്മാരുടെ കാലഘട്ടത്തിലെ അമൂല്യങ്ങളായ അവശേഷിപ്പുകൾ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.