ഒരിക്കൽ മറാത്തയുടെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന നഗരമാണ് കോൽഹാപൂർ. മറാത്ത ഭക്ഷണ വിഭവങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന നഗരം ജനങ്ങളുടെ അസാധാരണമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ന്യായവിലക്ക് മട്ടൻ ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധം വിജയം കണ്ടു. മട്ടൻ വില കിലോയ്ക്ക് 200 രൂപവരെ കുറയ്ക്കാൻ കച്ചവടക്കാർ തയാറായിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ കോൽഹാപൂർ മേഖലയിലെ ജനങ്ങളുടെ ഭക്ഷണ പട്ടികയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് മട്ടൻ. എന്നാൽ കഴിഞ്ഞ മാസത്തോടെ മട്ടൻ വില കുതിച്ചുയർന്നു. തുടർന്നാണ് പ്രതിഷേധം രൂപപ്പെട്ടത്. ഈ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കച്ചവടക്കാർക്ക് കഴിഞ്ഞില്ല. ചൊവ്വാഴ്ച ഈ പ്രതിഷേധം ഫലംകണ്ടു. സാധാരണക്കാർക്കും പ്രാപ്യമായ വിധത്തിൽ മട്ടൻവിലയിൽ 200 രൂപവരെ കുറവുണ്ടായി. മട്ടൻ വില വർധനവിനെതിരെ രാജ്യത്ത് തന്നെ ആദ്യമായിട്ടാകും ഇത്തരമൊരു പ്രതിഷേധം.
നല്ല സ്പൈസി മട്ടൻ, ചിക്കൻ വിഭവങ്ങൾക്ക് പേരുകേട്ട നഗരമാണ് കോൽഹാപൂർ. ചുവപ്പ് ഗ്രേവിയും വെള്ള ഗ്രേവിയുമാണ് ഇവിടത്തെ സ്പെഷ്യൽ. മഹാരാഷ്ട്രയിലെ തെക്കൻ- പടിഞ്ഞാറൻ മേഖലകളിലെ അടുക്കളയിൽ നിന്ന് മട്ടൻ ഒഴിവാക്കാനാകില്ല. ഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ട ഭക്ഷണപ്രേമികളുടെ ഇഷ്ടനഗരമാണ് കോൽഹാപൂർ. എന്നാൽ കഴിഞ്ഞ മാസം കാര്യങ്ങളാകെ മാറിമറിഞ്ഞു. മട്ടൻ വില കിലോയ്ക്ക് ആദ്യം 600ഉം പിന്നീട് 700ഉം രൂപയായി ഉയർന്നു. അതുവരെ 450 മുതൽ 500 രൂപവരെയായിരുന്നു വില. പെട്ടെന്ന് വിലയിലുണ്ടായ കുതിച്ചുചാട്ടം ജനങ്ങളെ രോഷാകുലരാക്കി. പ്രാദേശിക സംഘങ്ങൾ സംഘടിച്ച് വില വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
വെറുതെ പ്രതിഷേധിക്കുകയല്ല ഇവർ ചെയ്തത്. മറ്റിടങ്ങളിൽ നിന്ന് മട്ടൻ ശേഖരിച്ച് കുറഞ്ഞ വിലക്ക് വിൽപന നടത്തി. സമരമാർഗമെന്ന നിലയിൽ ശേഖരിച്ചുകൊണ്ടുവന്ന മട്ടൻ കിലോയ്ക്ക് 450 രൂപക്കാണ് ഇവർ വിൽപന നടത്തിയത്. ഇതോടെ പ്രതിഷേധം നാടാകെ ശ്രദ്ധിക്കപ്പെട്ടു. നഗരത്തിലെങ്ങും ബാനറുകൾ പ്രത്യക്ഷപ്പെട്ടു. പോരാട്ടത്തിന്റെ കഥ ജില്ലാ കളക്ടറുടെ ഓഫീസിലും എത്തി. ഇതോടെ സമരം കണ്ടില്ലെന്ന് നടിക്കാൻ കച്ചവടക്കാർക്കും കഴിയാതെ വന്നു. പ്രതിഷേധക്കാരുമായി വ്യാപാരികൾ ചർച്ചക്ക് തയാറായി.
മട്ടൻ വിലവർധന പ്രാദേശികമായി സംഭവിച്ചതല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ലഭ്യത കുറഞ്ഞതും ആവശ്യകത വർധിച്ചതുമാണ് വില വർധനക്ക് കാരണമെന്നാണ് ഇവരുടെ വാദം. മാസങ്ങൾക്ക് മുൻപ് കോൽഹാപൂർ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഇതേ തുടർന്ന് ആടുകൾ അടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് വലിയ തോതിൽ നാശംസംഭവിച്ചു. പ്രതിഷേധത്തെ തുടർന്ന് 480 രൂപക്ക് മട്ടൻ വിൽക്കാൻ തങ്ങൾ തയാറായെന്ന് ഇറച്ചി വ്യാപാരികളുടെ പ്രതിനിധിയായ വിജയ് കാംബ്ലേ പറയുന്നു.
കച്ചവടക്കാരും കശാപ്പുകാരും ജനങ്ങളും തമ്മിലുള്ള പലതവണ ചർച്ചകൾക്ക് ശേഷം മട്ടന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചു. കിലോയ്ക്ക് 480 രൂപക്ക് മട്ടൻ വിൽക്കാൻ വ്യാപാരികൾ സമ്മതിച്ചു. ഞങ്ങളുടെ ന്യായമായ ആവശ്യം കശാപ്പുകാർ അംഗീകരിച്ചു. പരസ്പര ധാരണയിലൂടെ ഞങ്ങൾ ഇപ്പോൾ മട്ടന് ഒരു നിശ്ചിത വില നിശ്ചയിച്ചിട്ടുണ്ട്. ഞങ്ങളുടെ ആവശ്യം പരിഗണിച്ച വ്യാപാരികൾക്ക് നന്ദി - കൃതി സമിതിയുടെ പ്രതിനിധി സുജിത് ചവാൻ പറഞ്ഞു.