വലയ സൂര്യഗ്രഹണം വ്യക്തതയോടെ കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് കടുത്ത നിരാശ. കേരളത്തിൽ കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ച് വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികൾ അടക്കം ഒട്ടേറെ പേര് അതിരാവിലെ മുതൽ തന്നെ ഇടംപിടിച്ചു. എന്നാൽ വയനാട്ടിലെ കാലാവസ്ഥ ഇവര്‍ക്കെല്ലാം സമ്മാനിച്ചത് വലിയ നിരാശയാണ്. അന്തരീക്ഷം മേഘാവൃതമായതിനാൽ വലയഗ്രഹണം പൂർണ അർത്ഥത്തിൽ ആസ്വദിക്കാൻ ഇവർക്ക് കഴിഞ്ഞില്ല.
നേരം പുലർന്നതു മുതൽ സൂര്യഗ്രഹണം കാണാനുള്ള കാത്തിരിപ്പിലായിരുന്നു കുട്ടികളടക്കമുള്ളവർ. അവധിക്കാലമായിട്ടുപോലും കുട്ടികൾ അലാറം വച്ച് രാവിലെ ഉണർന്നു റെഡിയായി. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിലുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ തുന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. ആയിരത്തോളം കുട്ടികളാണ് കൽപറ്റയിൽ മാത്രം സൂര്യഗ്രഹണം കാണാൻ റെഡിയായി നിന്നത്.
ഡിസംബറിലെ കോടമഞ്ഞു കാരണം വിസിബിലിറ്റി വളരെ കുറവായിരുന്നു ഇന്നും. കൂടാതെ ഗ്രഹണ സമയത്ത് വെളിച്ചം കുറവായിരിക്കുമെന്നതിനാൽ കുട്ടികൾ, ആകാംക്ഷ കാരണം, പാളി നോക്കുമെന്നുറപ്പാണ്. ഈ സാധ്യത മുന്നിൽക്കണ്ട് സോളാർ ഹെൽമറ്റ് തയാറാക്കിയിരുന്നു വൈത്തിരിയിലെ ഡോ. എംപി രാജേഷ്കുമാർ, ഭാര്യ ഡോ. സുഷ്മ രാജ് എന്നിവർ. കാർഡ് ബോർഡ് പെട്ടിയും സൗരക്കണ്ണടയും ചേർത്ത് ഉണ്ടാക്കിയ സോളാർ ഹെൽമറ്റ് കുട്ടികളിൽ കൗതുകമുണർത്തി.