ഫേസ്ബുക്കിന്റെ നടപടിയിൽ ആദ്യം അമ്പരന്നുപോയെന്ന് ഗെയ്സ് വിത്ത് കമ്പനി മാനേജർ ആയ ജാക്സൺ മക് ലീൻ പറഞ്ഞു. സവാളയെ സ്തനങ്ങളായി തെറ്റിദ്ധരിക്കണമെങ്കിൽ അത്രയും ഭാവനാസമ്പന്നനായിരിക്കണം ഫേസ്ബുക്ക് എന്നാണ് മക് ലീൻ പറയുന്നത്. സവാളയുടെ ചിത്രം സ്തനങ്ങളുടെ ചിത്രമായി ഫേസ്ബുക്ക് തെറ്റിദ്ധരിച്ചതാകാം ഇത്തരത്തിലൊരു വിലക്ക് വീഴാൻ കാരണമെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. ഫേസ്ബുക്കിന്റെ ഓട്ടോമാറ്റിക് അൽഗോരിതത്തിന് വന്ന പിഴവ് മൂലമാണ് സവാളയെ സവാളയായി തിരിച്ചറിയാൻ ഫേസ്ബുക്കിന് കഴിയാതിരുന്നതെന്നാണ് കരുതുന്നത്.
ഏതായാലും ഒരു 'സവാള'യെ കരയിക്കുന്ന രീതിയിൽ പെരുമാറിയ സംഭവത്തിൽ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ആപ്പിൽ നഗ്നദൃശ്യങ്ങൾ ഒഴിവാക്കാനായി ഓട്ടോമേറ്റഡ് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ രൂപം കൊണ്ട് സവാളയെ തിരിച്ചറിയുന്നതിൽ സംഭവിച്ച പിഴവാകാം ഇത്തരമൊരു 'തെറ്റിദ്ധാരണ'യിലേക്ക് ഫേസ്ബുക്കിനെ നയിച്ചത്. ചിത്രത്തിലെ സവാളയെ വേർതിരിച്ചറിയാൻ തടസം നേരിട്ടിട്ടുണ്ടാകാമെന്ന് ഫേസ്ബുക്ക് കാനഡ മേധാവിയും പ്രതികരിച്ചു.
അതേസമയം, വിവാദമായ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് മക് ലീൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. 'ഫേസ്ബുക്ക് പറയുന്നത് ഈ ചിത്രത്തിൽ അമിത ലൈംഗികത ഉണ്ടെന്നാണ്, നിങ്ങൾക്ക് എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോയെന്നും' മക് ലീൻ ചോദിച്ചു. ഏതായാലും വിചിത്രമായ നിരോധനത്തെക്കുറിച്ച് അവലോകനം നടത്താൻ അദ്ദേഹം ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളും രംഗത്തു വന്നതോടെ തെറ്റ് പറ്റിയെന്ന് ഫേസ്ബുക്ക് സമ്മതിച്ചു.