കൊച്ചി മുസിരിസ് സ്റ്റുഡന്റ്സ് ബിനാലെയില്‍ മലയാളി നന്ദുകൃഷ്ണയുടെ കലാസൃഷ്ടികൾ അനന്യത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. പെയിന്റിന് ഒപ്പം വ്യത്യസ്ത മാധ്യമങ്ങളും സങ്കേതങ്ങളും അവലംബിച്ചാണ് നന്ദുവിന്റെ കലാവതരണം. 'ഹിയര്‍ ഐ വാസ് ബോണ്‍' എന്ന പ്രമേയത്തില്‍ ചിത്രം വരയ്ക്കാൻ ഈ യുവകലാകാരൻ പ്രധാനമായും ആശ്രയിച്ചത് ചാണകം. വാട്ടര്‍ കളർ തീരെ ചെറിയ തോതിലും ഉപയോഗിച്ചു. മട്ടാഞ്ചേരി വി കെ എല്‍ വെയര്‍ ഹൗസ്, അര്മാന് ആൻഡ് കമ്പനി ബില്‍ഡിങ് എന്നിവിടങ്ങളിലാണ് നന്ദുവിന്റെ കലാപ്രദര്‍ശനം.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ നന്ദുവിന്റെ വീടിനടുത്തുള്ള മലനിരകള്‍ ആണ് ചാണകം സങ്കേതമാക്കി ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി എറണാകുളത്ത് താമസിക്കുന്ന നന്ദു തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നപ്പോഴുണ്ടായ സാഹചര്യങ്ങളില്‍ നിന്നാണ് തന്റെ സൃഷ്ടികളുടെ പിറവിയെന്ന് നന്ദു പറയുന്നു. മാറ്റങ്ങള്‍ അനിവാര്യമാണ്. എങ്കിലും ഇന്നുള്ളതൊന്നും സ്ഥായിയായി നിലനില്‍ക്കുന്നില്ലെന്ന ചിന്തയില്‍ നിന്നാണ് ഓര്‍മകള്‍ ചോരാതെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്.
ആസ്വാദന തലത്തിലേക്ക് വരുമ്പോള്‍ പെയിന്റിങ് എപ്പോഴും രണ്ട് അടി മാറിനിന്ന് കാഴ്ചയിലൂടെയാണ് നമ്മിലേക്ക് എത്തുന്നത്. എന്നാല്‍ അതിനെ മണത്തറിയുക, തൊട്ടറിയുക എന്നത് കുറച്ചു കൂടി ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോകും. അങ്ങനെ ഒരാശയത്തില്‍ നിന്നാണ് ചാണകം സങ്കേതമായി ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായത്. കലാവതരണങ്ങൾ രൂപപ്പെടുന്ന ഓരോ വഴിയിലും താന്‍ പഴമയിലേക്കും ഓര്‍മകളിലേക്കും സഞ്ചരിക്കുകയാണെന്നും നന്ദു പറയുന്നു.
എല്ലാവരിലും ആര്‍ടിസ്റ്റുണ്ട്. ചെറിയ കുട്ടികള്‍ ആദ്യം വരക്കുന്നത് പലപ്പോഴും മലനിരകളായിരിക്കും. പിന്നീടാണ് അതില്‍ മാറ്റം ഉണ്ടാകുന്നത്. നമ്മുടെ ഓര്‍മകളില്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കുന്നതാണ് മലകള്‍. പക്ഷേ, വരും തലമുറയില്‍ ഒരുപക്ഷേ ഇതുണ്ടാകണമെന്നില്ല. കാരണം കുട്ടികള്‍ മലകള്‍ കാണാത്ത അവസ്ഥയിലേക്ക് എത്തുകയാണ്. കാഴ്ചയിലോ ഓര്‍മയിലോ ഇല്ലാത്ത ഒരു കാര്യം എങ്ങനെയാണ് കുട്ടികള്‍ വരയിലേക്ക് പകര്ത്തുകയെന്നു നന്ദു ചോദിക്കുന്നു. 'അസ്ഥിത്വം' (അസ്തിത്വം അല്ല )എന്ന ആശയത്തിലൂന്നി സ്വന്തം നാട്ടില്‍ നിന്ന് കണ്ടെടുത്ത മൃഗങ്ങളുടെ അസ്ഥികളില്‍ വരച്ച പെയിന്റിങും ബിനാലെയില്‍ കാണാം. ഇവിടെ പ്രദര്‍ശനത്തിനുള്ള ചില ചിത്രങ്ങളില്‍ അമ്മയെ തന്നെയാണ് നന്ദു വരച്ചിരിക്കുന്നത്. നാളെ ഇത്തരം കാഴ്ചകള്‍ ഒന്നും ഉണ്ടായേക്കില്ല എന്ന ആശങ്കയാണ് കലാകാരൻ ചിത്രങ്ങളിലൂടെ പങ്കുവെക്കുന്നത്.