സത്യ നഡെല്ല- മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന സത്യ നഡെല്ല ജോൺ തോംസണിൽ നിന്ന് മൈക്രോസോഫ്ടിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഈ അധിക ഉത്തരവാദിത്തം വാഷിംഗ്ടൺ ആസ്ഥാനമായ റെഡ്മണ്ടിലെ നഡെല്ലയുടെ പങ്ക് വർദ്ധിപ്പിക്കും. എന്നാൽ ലോകത്തെ മികച്ച കമ്പനികളെ നയിക്കുന്ന നിരവധി ഇന്ത്യക്കാരിൽ ഒരാളാണ് നാഡെല്ല. ഇന്ത്യൻ വംശജരായ മറ്റ് പ്രമുഖ സിഇഒമാർ ആരൊക്കെയാണെന്ന് നോക്കാം.
സഞ്ജയ് മെഹ്റോത്ര- സെമി കണ്ടക്ടർ ബ്രാൻഡായ മൈക്രോണിന്റെ പ്രസിഡന്റും സിഇഒയുമാണ് 61കാരനായ സഞ്ജയ് മെഹ്റോത്ര. സാൻഡിസ്കിന്റെ സഹസ്ഥാപകനാണ് മെഹ്റോത്ര. സാൻഡിസ്കിന്റെ പ്രസിഡന്റും സിഇഒയും ആയി 27 വർഷം സേവനമനുഷ്ഠിച്ചിരുന്നു. ഇന്റൽ കോർപ്പറേഷനിൽ സീനിയർ ഡിസൈൻ എഞ്ചിനീയറായാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
നികേഷ് അറോറ നെറ്റ്വർക്ക് സെക്യൂരിറ്റി സൊല്യൂഷൻസ് നൽകുന്ന പാലോ ആൾട്ടോ നെറ്റ്വർക്ക്സിന്റെ സിഇഒയും ചെയർമാനുമാണ് ഇന്ത്യൻ വ്യവസായിയായ നികേഷ് അറോറ. 2018 ജൂണിലാണ് ഇദ്ദേഹം കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാരണാസിയിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം സോഫ്റ്റ്ബാങ്കിലും ഗൂഗിളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അജയ് ബംഗ- നിലവിൽ മാസ്റ്റർകാർഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ പൂനെ സ്വദേശിയായ അജയ് ബംഗ നേരത്തെ കമ്പനിയുടെ സിഇഒ, പ്രസിഡന്റ്, ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 10 വർഷമായി അദ്ദേഹം മാസ്റ്റർകാർഡിനൊപ്പം ഉണ്ട്. 59 കാരനായ ഇദ്ദേഹം തന്റെ കരിയർ നെസ്ലെയിലാണ് ആരംഭിച്ചത്. പിന്നീട് പെപ്സികോയുടെ ഭാഗമായി. ഐ.ഐ.എം-അഹമ്മദാബാദിലെ പൂർവ്വ വിദ്യാർത്ഥിയാണ് അജയ് ബംഗ.