തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ബൈജു ചന്ദ്രൻ, എസ്. ആർ. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. പി. വി. മുരുകൻ, കെ. ആർ. ബീന, കെ. രവികുമാർ, അഡ്വ. എം. എം. മോനായി, കാസിം ഇരിക്കൂർ, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാധ്യമ അവാർഡുകൾ നിർണയിച്ചത്. പുരസ്കാരങ്ങൾ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
മീഡിയ വണിലെ റിപ്പോർട്ടർ ഷിദ ജഗത്തിനും ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്പെഷ്യൽ ജൂറി പുരസ്കാരമുണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഭിന്നശേഷിക്കാരി നൂർ ജലീലയെക്കുറിച്ചുള്ള വാർത്തയ്ക്കാണ് ഷിദ ജഗത്തിന് പുരസ്കാരം. ആൾക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടർന്ന് ചെയ്ത വാർത്തയാണ് ജോഷി കുര്യനെ പുരസ്കാരത്തിനർഹനാക്കിയത്.