ന്യൂഡൽഹി: രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിച്ചു. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം. ഇ സിഗററ്റുകളുടെ ഇറക്കുമതിയും വില്പനയും പരസ്യങ്ങളും തടഞ്ഞിട്ടുണ്ട്. കുട്ടികൾ അടക്കമുള്ളവരുടെ ആരോഗ്യത്തെ ഇ സിഗരറ്റുകൾ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ധനമന്ത്രി നിർമല സീതാരാമനാണ് തീരുമാനം അറിയിച്ചത്. വാർത്താസമ്മേളനത്തിൽ ഇ-സിഗരറ്റ് പ്രദർശിപ്പിച്ച് അതിന്റെ ദൂഷ്യവശങ്ങൾ വിശദീകരിച്ചാണ് നിരോധിക്കുന്ന കാര്യം ധനമന്ത്രി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശമനുസരിച്ച് ഇ-സിഗരറ്റ് നിരോധിക്കാനുള്ള ഓർഡിനൻസ് മന്ത്രിമാരുടെ സമിതി വിലയിരുത്തിയിരുന്നു. നിരോധനം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്താനുള്ള വ്യവസ്ഥ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം കൊണ്ടുവരുകയെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ ഇ സിഗരറ്റ് നിർമ്മിക്കുന്നില്ലെങ്കിലും നാന്നൂറിലേറെ ബ്രാൻഡുകൾ ഇവിടെ ലഭ്യമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. 150ൽപ്പരം രുചികളിൽ ഇത് ലഭ്യമാണ്. മണമില്ലാത്തതിനാൽ കൂടുതൽ പേർ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ സാദാ സിഗരറ്റിനെ അപേക്ഷിച്ച് ഉള്ളിലേക്ക് എത്തുന്ന നിക്കോട്ടിന്റെ അളവ് ഇ സിഗരറ്റ് ഉപയോഗിക്കുമ്പോൾ കൂടുതലാണെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.