മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ ഏറെ ജനപ്രിയമായ പച്ചക്കറിയാണ് കൂസ (zucchini). നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഈ കൃഷി പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്യുന്ന ഒരു കർഷകൻ ഉണ്ട്. നിലമ്പൂർ (Nilambur) ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി സ്വദേശി നാലകത്ത് സിദ്ദീഖ് ആണ് ഈ കൂസ കർഷകൻ. ഗള്‍ഫ് നാടുകളില്‍ പച്ചക്കറി സാലഡുകള്‍ ഉണ്ടാക്കുന്നതിന് പ്രധാനമായി ഉപയോഗിക്കുന്ന ഒരിനം പച്ചക്കറിയാണ് കൂസ. ഗൾഫിലെ മണൽ മണ്ണിൽ മാത്രമല്ല നിലമ്പൂരിലെ ചളി മണ്ണിലും കൂസ വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് സിദ്ദീഖ്.
നമ്പൂരിപ്പൊട്ടി മതിൽ മൂലയിലെ 10 ഏക്കർ വരുന്ന പാട്ട ഭൂമിയിൽ 20 സെന്റ് ആണ് സിദ്ദീഖ് കൂസ കൃഷിക്ക് വേണ്ടി മാറ്റി വെച്ചത്. കൃഷിക്കാവശ്യമായ വിത്ത് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. 110 ദിവസം വളര്ച്ചയെത്തിയാല് വിളവെടുക്കാനാകും. കക്കരിക്ക പോലെ നീളത്തില്‍ പച്ച നിറത്തിലും മഞ്ഞ നിറത്തിലുമാണ് കായ്കളുണ്ടാവുക. ഒരു ഒരു ചെടിയിൽ നിന്ന് മാത്രം അഞ്ചു കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. മഞ്ഞ കായക്ക് കിലോഗ്രാമിന് 50 രൂപയും പച്ചക്ക് 100 രൂപയും വിപണിയില്‍ വിലയുണ്ട്. അതായത് ഒരു മഞ്ഞകൂസയിൽനിന്നും 250 രൂപയും, പച്ചകൂസയിൽ നിന്നും 500 രൂപയും ലഭിക്കും.
വർഷത്തിൽ മൂന്ന് പ്രാവശ്യം വരെ കൃഷിയിറക്കാം. നെല്ലും, കപ്പയും, വാഴയും, ചേനയും, ചേമ്പും, കാച്ചിലും, എല്ലാം പച്ചപ്പോടെ നിൽക്കുന്ന കൃഷിയിടത്തിലാണ് കൂസയുമുള്ളത്. കഴിഞ്ഞ വര്‍ഷവും സിദ്ദീഖ് കൂസ കൃഷി ചെയ്തിരുന്നു. ഉല്‍പ്പന്നത്തിന് വിപണിയില്‍ നല്ല പ്രതികരണമാണുള്ളത്. ഗൾഫിൽ നിന്നും അവധിക്കെത്തുന്നവർ നാട്ടിലെ കടകളിൽ കൂസ കാണുന്നതോടെ വാങ്ങി പോകുന്നുണ്ട്. ഇപ്പോൾ കടകളിൽ നിന്നും കൂടുതൽ പേർ കൂസ ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്- സിദ്ദീഖ് പറയുന്നു. അടുത്ത വർഷം മുതൽ കൂടുതൽ സ്ഥലത്തേക്ക് കൂസ കൃഷി വ്യാപിപ്പിക്കാനും ഇദ്ദേഹത്തിന് ആലോചന ഉണ്ട്.
കേട് കുറവും, ഹ്രസ്വകാലയളവിൽ വിളവ് എടുക്കാൻ കഴിയുന്നതുമാണ് എന്നത് കൊണ്ട് കൂസ കൃഷി ലാഭകരമാകും എന്ന് സിദ്ദീഖ് പറയുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, കർഷകരുമുൾപ്പെടെ നിരവധി പേരാണ് ദിവസവും സിദ്ദിഖിന്റെ കൂസ കൃഷി കാണാൻ എത്തുന്നത്. ബിരിയാണി അരിയടക്കമുള്ള വിവിധ നെല്ലുകള്‍, പത്തോളം ഇനം വാഴകള്‍, കൈതച്ചക്ക, തക്കാളിയുള്‍പ്പെടെയുള്ള എല്ലാ ഇനം പച്ചക്കറികളും സിദ്ദിഖിൻ്റെ കൃഷിയിടത്തിൽ വിളയുന്നുണ്ട്. പലസ്ഥലങ്ങളിലും കൃഷി സംബന്ധിച്ച് ക്ലാസുകള്‍ എടുക്കാനും ഇദ്ദേഹം പോകാറുണ്ട്.
രാവിലെ 7 മണിയോടെ കൃഷിയിടത്തിലെത്തുന്ന സിദ്ദിഖ് വൈകുന്നേരം 5 വരെ കൃഷിയിടത്തിലുണ്ടാകും. രാത്രി 2 മണിക്കൂറോളം ജലസേചനത്തിനായും വീണ്ടും ഇറങ്ങും. കൂടുതൽ പുതിയ ഇനങ്ങൾ തന്റെ കൃഷിയിടത്തിൽ പരീക്ഷിക്കണം എന്ന ആഗ്രഹമാണ് ഈ കർഷകനുള്ളത്. അധ്വാനിക്കാൻ മനസ്സ് ഉണ്ടെങ്കിൽ ഏത് കൃഷിയും ചെയ്യാം എന്നും മണ്ണ് മനുഷ്യനെ കൈ വിടില്ല എന്നും തെളിയിക്കുക ആണ് 2008 ൽ മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 'ഹരിതമിത്ര' അവാർഡ് നേടിയ ഈ കഠിനാധ്വാനി.