ഹിന്ദുമത വിശ്വാസികള്‍ ഏറെ ആഹ്ലാദത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി. രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗണേശ ചതുര്‍ത്ഥി ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. 11 ദിവസം നീണ്ടുനിൽക്കുന്നതാണ് വിനായക ചതുർത്ഥി ആഘോഷം അഥവാ ഗണേശോത്സവം. ഗണേശ വിഗ്രഹമുണ്ടാക്കുന്നത് മുതൽ തുടങ്ങുന്ന ഈ ഉത്സവം വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെയാണ് അവസാനിക്കുന്നത്.
ഹിന്ദു വിശ്വാസമനുസരിച്ച് ഏതൊരു പ്രധാന കാര്യവും ആരംഭിക്കുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കാൻ ഭക്തർ വിശ്വാസത്തോടെ വിളിക്കാറുള്ളത് ഗണപതി ഭഗവാനെയാണ്. അദ്ദേഹത്തെ മനസ്സിൽ ധ്യാനിച്ച് തുടങ്ങുന്ന പ്രവർത്തികൾ തടസങ്ങൾ ഇല്ലാതെ പൂർത്തിയാക്കാൻ കഴിയും എന്നാണ് വിശ്വാസം. തടസങ്ങൾ അഥവാ വിഘ്നങ്ങൾ അകറ്റുന്നതിനാലാണ് അദ്ദേഹത്തെ നാം വിഘ്നേശ്വരൻ എന്ന് കൂടി വിളിക്കുന്നത്.