അപകടങ്ങള്‍ ഉള്‍പ്പെടെ വൈദ്യസഹായം ആവശ്യമായ സാഹചര്യങ്ങളില്‍ 112 ല്‍ ബന്ധപ്പെടുന്നവര്‍ക്ക് പൊലീസിനൊപ്പം ആംബുലന്‍സ് സേവനവും ഇതിലൂടെ ലഭ്യമാകും. 112 ദേശീയ അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ കാള്‍ സെന്ററിലേയ്ക്ക് വരുന്ന അത്യാഹിത സന്ദേശങ്ങളില്‍ ആംബുലന്‍സ് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും സഹിതം 108 ആംബുലന്‍സ് കണ്ട്രോള് റൂമിലെ കമ്പ്യൂട്ടറിലേക്ക് കൈമാറും. ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് സമീപമുള്ള ആംബുലന്‍സ് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി കണ്ട്രോള് റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 112 ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.
108 ല്‍ വരുന്ന അത്യാഹിത സന്ദേശങ്ങളില്‍ പൊലീസിന്റെ സേവനം ആവശ്യമുള്ള സംഭവങ്ങളില്‍ 112 ലേക്ക് സന്ദേശം കൈമാറാനുള്ള സംവിധാനങ്ങളും സജ്ജമായി വരികയാണ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എം.ഡി. ഡോ.നവജ്യോത് ഖോസ ഐ.എ.എസ്, കെംപ് ഡെപ്യൂട്ടി മാനേജര്‍ രാജീവ് ശേഖര്‍, ജി വി കെ ഈ എം ആര് ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന് അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.