നമ്മുടെ ശരീരത്തിനുള്ളിൽ (Human Body) ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ ആന്തരിക പ്രവര്‍ത്തനങ്ങളുടെ അഭാവത്തിൽ ശരീരത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവയിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം (Sleep). വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്ക് ശരീരത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം നന്നായി ഉറങ്ങുക എന്നതാണ്.
ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നമ്മള് കഴിക്കുന്ന ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ഉറക്കചക്രത്തെ ബാധിക്കും. ഉദാഹരണത്തിന്, ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് പലര്‍ക്ക് കാപ്പി കുടിക്കുന്ന ശീലമുണ്ട്. എന്നാല്‍ കാപ്പിയിലെ കഫീന്‍ ഉറക്കം ഇല്ലായിമക്ക് കാരണമാകുന്നു. എന്നും രാത്രി അറിയാതെ കാപ്പി കുടിച്ച് ഉറക്കം വന്നില്ല എന്ന് വിലപിക്കുന്നവരുണ്ട്. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് കാപ്പി കുടിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് താഴെപ്പറയുന്നവ കഴിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്: രാത്രിയില്‍ നന്നായി ഉറങ്ങണമെങ്കില്‍ അല്‍പ്പം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഡാര്‍ക്ക് ചോക്ലേറ്റിലെ സെറോടോണിന്‍ പോലുള്ള ഘടകങ്ങള്‍ നിങ്ങളുടെ മനസ്സിനും ശരീരത്തിനും ശാന്തമാക്കുന്നു. മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ് മാത്രം കഴിക്കുക. കാരണം, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഏതെങ്കിലും ഭക്ഷണം അമിതമായി കഴിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും.