കോവിഡ് -19 കേസുകള്‍ കുറഞ്ഞതോടെ ഇന്ത്യയിലുടനീളമുള്ള സ്കൂളുകള്‍ ക്രമേണ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ്. 2020 മാര്‍ച്ച് മുതല്‍ സ്കൂളുകള്‍ അടച്ചിരുന്നെങ്കിലും 2021 ന്റെ ആദ്യ പകുതിയില്‍ പല സംസ്ഥാനങ്ങളും സ്കൂളുകള്‍ വീണ്ടും തുറന്നിരുന്നു, എന്നാല്‍ 2021 മാര്‍ച്ചില്‍ ഇന്ത്യയെ ബാധിച്ച മഹാമാരിയുടെ രണ്ടാം തരംഗം കാരണം വീണ്ടും അടച്ചുപൂട്ടേണ്ടിവന്നു. ഇപ്പോള്‍ ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര രാജസ്ഥാന്, കര്‍ണാടക, കേരളം, തമിഴ്നാട്, ജമ്മു, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കുകയാണ്.
സ്കൂളുകള്‍ വീണ്ടും തുറന്നിട്ടുണ്ടെങ്കിലും, മിക്ക സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ അവരുടെ രക്ഷിതാക്കളില്‍ നിന്ന് സ്കൂളുകളില്‍ പോവാന്‍ അനുവദിക്കുന്ന രേഖാമൂലമുള്ള അനുമതി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
കോവിഡ് വ്യാപനവും ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികളെ അകലങ്ങളില്‍ വേണം ഇരുത്താന്‍. അതിനാല്‍, രണ്ട് ഷിഫ്റ്റുകളിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ നടക്കുന്നു. ഡല്‍ഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കായി മാത്രം വീണ്ടും തുറന്നപ്പോള്‍, ഹരിയാനയും രാജസ്ഥാനും എല്ലാ ക്ലാസുകള്‍ക്കും വീണ്ടും തുറക്കാന്‍ അനുവദിച്ചു. ചില സംസ്ഥാനങ്ങളില്‍ സ്കൂള്‍ സമയം കുറച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി പിരീഡോ ഉച്ചഭക്ഷണമോ അനുവദിക്കില്ല.
എഡ്ടെക് കമ്പനിയായ ലീഡിന്റെ സമീപകാല സർവേ പ്രകാരം, 74 ശതമാനം രക്ഷിതാക്കളും കുട്ടികളെ തിരികെ സ്കൂളിലേക്ക് അയയ്ക്കാൻ തയ്യാറാണ്. സ്കൂളുകൾ വീണ്ടും തുറന്നാൽ മാത്രമേ ഒരു സമ്പൂർണ്ണ സ്കൂൾ അനുഭവം സാധ്യമാകൂ എന്ന് അവർ വിശ്വസിക്കുന്നു. ബെംഗളൂരുവിലെ 72 ശതമാനം രക്ഷിതാക്കളും ഹൈദരാബാദിൽ 69 ശതമാനവും ചെന്നൈയിൽ 73 ശതമാനവും പൂനെയിൽ 66 ശതമാനവും കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥനും വിദ്യാര്‍ത്ഥികളെ സ്കൂളുകളിലേക്ക് മടക്കി അയക്കുവാനും ഓഫ്ലൈന് ക്ലാസുകള്‍ എടുക്കാമെന്നും അഭിപ്രായപ്പെട്ടിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയ ഐസിഎംആര്‍ സര്‍വേയില്‍, വീട്ടില്‍ താമസിച്ചിട്ടും മുതിര്‍ന്നവരുടെ അതേ ശതമാനം ആന്റിബോഡികള്‍ കുട്ടികള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തി. രാജ്യത്തെ സെറോപ്രിവെലന്സിന്റെ ശതമാനം 67.6 ശതമാനമായിരുന്നു, അതില്‍ 6-9 പ്രായക്കാര്‍ക്കിടയില്‍ 57.2 ശതമാനവും 10-17 പ്രായ വിഭാഗത്തില്‍ 61.6 ശതമാനവും കണ്ടെത്തി.