സ്മാർട്ട്ഫോണുകളും (Smartphone) ലാപ്പ്ടോപ്പുകളും (Laptop) ഇന്ന് മിക്കവരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ചിലർ ജോലിസമയം മുഴുവൻ ചെലവഴിക്കുന്നത് ലാപ്പ്ടോപ്പിന് മുന്നിലാണ്. ജോലിസമയത്തും വിശ്രമിക്കുമ്പോഴുമെല്ലാം സ്മാർട്ട്ഫോൺ കയ്യിലില്ലെങ്കിൽ നമുക്ക് വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണ്. അതായത് ഒരാൾ ദിവസത്തിലെ വലിയൊരു പങ്ക് ലാപ്പ്ടോപ്പിനും സ്മാർട്ട്ഫോണിനും കമ്പ്യൂട്ടറിനുമൊക്കെ (Computer) മുന്നിലാണ് ചെലവഴിക്കുന്നത്. ജോലി കാരണം ഈ ഉപയോഗം കുറയ്ക്കാൻ സാധിക്കാത്തവരുണ്ടാവാം. അതല്ലാതെ, അമിതമായ ഉപയോഗം ശീലമാക്കിയവരുമുണ്ടാവും. എന്ത് തന്നെയായാലും ഇവയുടെ സ്ക്രീൻ കണ്ണിന് തകരാർ ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
വിദഗ്ധർ പറയുന്നത് എന്താണ്?- സ്ക്രീനിൽ ഒരുപാട് നേരം ഫോക്കസ് ചെയ്ത് നോക്കുന്നത് കണ്ണിന് വല്ലാതെ സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണെന്ന് ഡൽഹി ബജാജ് ഐ കെയർ സെൻററിലെ നേത്രരോഗ വിദഗ്ദനായ ഡോ.രാജീവ് ബജാജ് പറഞ്ഞു. അമിതമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് മൂലം കണ്ണിനുണ്ടാവുന്ന അസുഖങ്ങളെ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം (CVS) എന്നാണ് വിളിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ കൂടുതൽ നേരം നോക്കി ജോലി ചെയ്യുന്ന ആളുകളിൽ മിക്കവാറും പേർക്ക് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്മാർട്ട്ഫോണിലോ ടാബ്ലറ്റിലോ നോക്കി അമിതമായി ഗെയിം കളിക്കുകയോ കാർട്ടൂൺ കാണുകയോ ചെയ്യുന്ന കുട്ടികൾക്കും കണ്ണിന് പ്രശ്നങ്ങളുണ്ടാവാറുണ്ട്.
നിങ്ങൾക്ക് കണ്ണിന് പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയുകയും എന്നിട്ടും ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ തരത്തിലുള്ള ഗ്ലാസ്സുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത് പ്രശ്നം ഗുരുതരമാവാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് രാഹുൽ ബജാജ് മുന്നറിയിപ്പ് നൽകുന്നു. അമിതമായി സ്ക്രീനിൽ നോക്കിയിരുന്നാൽ കാഴ്ച മങ്ങൽ, കണ്ണുകളിലെ ഈർപ്പം നഷ്ടമാവുക, കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാവുക, തലവേദന അല്ലെങ്കിൽ കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം സാധ്യതയുണ്ട്.
കണ്ണിന്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം - നേത്രരോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികൾ ഒരുകാരണവശാലും അമിതമായി സ്ക്രീനിൽ നോക്കിയിരിക്കരുത്. ചെറുപ്പത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ അവരുടെ കണ്ണിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ലാപ്ടോപ്പിന് മുന്നിലോ കമ്പ്യൂട്ടറിന് മുന്നിലോ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ബ്രേക്ക് എടുക്കാൻ ശ്രദ്ധിക്കണം. ഒറ്റയിരിപ്പിന് ഒരുപാട് നേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത് ഗുണകരമാവില്ല.
20 മിനിറ്റ് നേരം ജോലി ചെയ്ത് കഴിഞ്ഞാൽ 20 സെക്കന്റ് നേരത്തേക്കെങ്കിലും ബ്രേക്ക് എടുക്കുക. ഈ സമയത്ത് കണ്ണുകൾ അടച്ച് തുറന്ന് കൊണ്ടിരിക്കുക. കുറഞ്ഞത് 20 തവണയെങ്കിലും ഇങ്ങനെ ചെയ്യണം. കണ്ണുകളിൽ ഈർപ്പമില്ലാതെ ആവുന്നുണ്ടങ്കിൽ നേത്രരോഗ വിദഗ്ദരെ കണ്ട് തുള്ളിമരുന്ന് ഉപയോഗിച്ച് തുടങ്ങുക. ഓരോ മൂന്ന് മാസത്തിനിടയിലും ഒരു നേത്രരോഗ വിദഗ്ദനെ കണ്ട് കണ്ണ് പരിശോധിക്കുന്നതും നല്ലതായിരിക്കും.