ചുമയ്ക്കും ജലദോഷത്തിനും തേൻ നല്ലൊരു ഔഷധമാണെന്ന് പുതിയ പഠന റിപ്പോർട്ട്. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെക്കാൾ തേൻ ഫലപ്രദമാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നു. മറ്റുള്ള മരുന്നുകൾ ചെലവ് കുറവും സുരക്ഷിതവുമാണെന്നും ജലദോഷത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് വേഗത്തിൽ ആശ്വാസം നൽകുന്നുവെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്ന ആന്റി ബയോട്ടിക്കുകളെക്കാൾ തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളായി തേൻ വീട്ടുമരുന്നായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ അതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇതുവരെ കാര്യമായ പഠനമൊന്നും ഉണ്ടായിട്ടില്ല. ഓക്സ്ഫോർഡ് സർവകലാശാല മെഡിക്കൽ സ്കൂളിലെയും നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി കെയർ ഹെൽത്ത് സയൻസസിലെയും വിദഗ്ധരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മൂക്ക്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ജലദോഷം അടക്കമുള്ളവയിൽ തേനുണ്ടാക്കുന്ന ഫലമാണ് ഇവർ പഠനവിധേയമാക്കിയത്.
ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ പതിവ് ചികിത്സാ രീതിയേക്കാൾ തേൻ മികച്ചതായിരുന്നു - ബിഎംജെ എവിഡൻസ് ബേസ്ഡ് മെഡിസിൻ ജേണലിൽ പഠനസംഘം എഴുതി. അണുബാധ കുറച്ചുകൊണ്ടുവരാൻ തേൻ സഹായകമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 പഠനങ്ങള്‍ സമാഹരിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ഇതിൽ ഒൻപത് പഠനങ്ങൾ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ളതാണ്. തേനും മറ്റ് ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാ രീതികളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം.