ശക്തമായി സങ്കോചിക്കാന്‍ കഴിവുള്ള, മനുഷ്യപേശികളിലെ കോശങ്ങളെ വളര്‍ത്തുന്നതിനായി ലളിതമായ ലാബ് അധിഷ്ഠിത സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ (Japan) തോഹുകു സര്‍വകലാശാലയിലെ ഗവേഷക സംഘം (Research Team). ഈ സംവിധാനം ഉപയോഗിച്ച് സ്പോറാഡിക് ഇന്‍ക്ലൂഷന്‍ ബോഡി മൈറ്റോസിസ് (sIBM) എന്ന അവസ്ഥ ബാധിച്ച രോഗികളുടെ പേശികളിലെ കോശങ്ങൾ ഗവേഷക സംഘം പരിശോധിച്ചു. ഗവേഷണത്തെ സംബന്ധിച്ച വിവരങ്ങള്‍ 'സയന്റിഫിക് റിപ്പോര്‍ട്ട്സ്' എന്ന ജേണല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേശികള്‍ ക്രമേണ ദുര്‍ബലമാകാന്‍ കാരണമാകുന്ന ഒരു ഡീജനറേറ്റീവ് രോഗമാണ് എസ്ഐബിഎം.
വ്യായാമം ചെയ്യുമ്പോഴുള്ള, എസ്ഐബിഎം ബാധിച്ച രോഗികളുടെ പേശികളിലെ കോശങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ചത് ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു. ഇതിനായി പെട്രി ഡിഷില്‍ മയോട്യൂബുകള് എന്ന് വിളിക്കപ്പെടുന്ന നീളമേറിയ പേശീ കോശങ്ങള്‍ വളര്‍ത്തുകയും അവയിൽ സങ്കോചത്തിന്റെ ഫലമുളവാക്കാൻ വൈദ്യുത പള്‍സുകള്‍ പ്രയോഗിക്കുകയും ചെയ്തു. 'ഇന്‍ വിട്രോ എക്സർസൈസ് മോഡലുകള്‍' എന്നാണ് ഈ മൊത്തം സംവിധാനത്തെ വിളിക്കുന്നത്.
മനുഷ്യ മയോട്യൂബുകള് നല്ലവണ്ണം സങ്കോചിക്കുന്നില്ല എന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. പരന്ന ആകൃതിയാണ് ഒരു കാരണം. കൂടാതെ, വളർത്താൻ ഉപയോഗിച്ച പദാർത്ഥത്തിൽ അവ ദൃഢമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. എലികള്‍ പോലുള്ള മറ്റ് സ്പീഷീസുകളില്‍ നിന്ന് ലഭിക്കുന്ന മയോട്യൂബുകളാകട്ടെ, ഇതേ ക്ലിനിക്കൽ കണ്ടീഷനിൽ കൂടുതല്‍ ശക്തമായി സങ്കോചിക്കുന്നു. ''പേശികളെ സംബന്ധിച്ച അടിസ്ഥാന ഗവേഷണങ്ങൾക്ക് മാത്രമല്ല, രോഗികളുടെ ബയോപ്സി സാമ്പിളുകളിലെ പേശീ കോശങ്ങൾ ഉപയോഗപ്പെടുത്തി രോഗനിര്‍ണ്ണയം നടത്താനും കൂടി സഹായിക്കുന്ന ഒരു പുതിയ മോഡല്‍ വികസിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്'', തോഹുകു യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ മക്കോട്ടോ കന്സാക്കി പറഞ്ഞു.
മനുഷ്യ മയോട്യൂബുകളുടെ വളര്‍ച്ചയെ സഹായിക്കാനായി ഗവേഷകര്‍ ഒരു എലിയുടെ പേശീ കോശങ്ങളും ഉപയോഗിച്ചു. 'ഫീഡര്‍ സെല്ലുകള്‍' എന്നറിയപ്പെടുന്ന എലിയുടെ സെല്ലുകള്‍ മനുഷ്യകോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകള്‍ നല്‍കുന്നതായി കണ്ടെത്തി. തുടര്‍ന്ന് എസ്ഐബിഎം രോഗികളില്‍ നിന്ന് ലഭിച്ച പേശീ മൂലകോശങ്ങളില്‍ നിന്ന് മനുഷ്യ മയോട്യൂബുകളെ വളർത്താനായി ഈ രീതി ഉപയോഗിച്ചു.
എസ്ഐബിഎം രോഗികളിലെ പേശീ കോശങ്ങളുടെ സവിശേഷതകള്‍ പരിശോധിക്കാനും ആരോഗ്യമുള്ള മനുഷ്യരുടേതിൽ നിന്ന് അവയ്ക്കുള്ള വ്യത്യാസം താരതമ്യം ചെയ്യാനും ഗവേഷകര്‍ വിവിധ ഇമേജിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ചു. എസ്ഐബിഎം രോഗികളിലെ മയോട്യൂബുകള്ക്ക് അടിസ്ഥാനപരമായി സാധാരണ മയോട്യൂബുകള്ക്ക് സമാനമായ ഗുണങ്ങളുണ്ടെന്ന് അവര്‍ കണ്ടെത്തി. വൈദ്യുത പൾസുകൾ പ്രയോഗിച്ചപ്പോൾ രണ്ടും ശക്തമായി ചുരുങ്ങി.