പുരുഷൻമാരിലെ വന്ധ്യത (Male Fertility) പ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ (Laptops) അല്ലെങ്കിൽ മൈക്രോവേവ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പ്രത്യുൽപാദനശേഷിയെ (Reproduction) സാരമായി ബാധിക്കാം. പുകവലി, മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് പോലെ തന്നെയാണ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം മൂലമുള്ള വന്ധ്യതാ പ്രശ്നം. ചില പഠനങ്ങൾ ഇതുസംബന്ധിച്ച് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബീജത്തിന്റെ എണ്ണക്കുറവ്, ഗുണനിലവാരമില്ലായ്മ, ചലനശേഷി ഇല്ലായ്മ എന്നിവയൊക്കെ പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം എങ്ങനെ വന്ധ്യതയിലേക്ക് നയിക്കുന്നുവെന്ന് നോക്കാം...
മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽനിന്നുള്ള റേഡിയേഷനും താപവും പുരുഷ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. കൂടാതെ മൊബൈൽഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഉറക്കക്കുറവ്, ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയും ആരോഗ്യകരമായ ബീജത്തിന്റെ എണ്ണം കുറയ്ക്കും. ചലനശേഷി കുറഞ്ഞ ബീജങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതിനും ഇവ കാരണമാകുന്നു.
മൊബൈൽഫോൺ റേഡിയേഷൻ ബീജത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. സെൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, മൈക്രോവേവ് ഓവനുകൾ, ടെലിവിഷനുകൾ, വൈഫൈ, ഫോൺ ടവറുകൾ, റഡാറുകൾ എന്നിവയിൽ നിന്ന് പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങൾ ബീജത്തിന്റെ ഗുണനിലവാരം, ചലനശേഷിയില്ലായ്മ, രൂപഘടന, ബീജത്തിന്റെ പ്രവർത്തനക്ഷമത, ഡിഎൻഎ, ശരീരത്തിലെ ആന്റിഓക്സിഡേറ്റീവ് എൻസൈമുകൾ എന്നിവ നശിപ്പിക്കും.
പുരുഷന്റെ ബീജ സാമ്പിളിലെ ജീവനുള്ള ബീജത്തിന്റെ ശതമാനമാണ് അതിന്റെ പ്രവർത്തനക്ഷമതയെ നിർവചിച്ചിരിക്കുന്നത്. നിർജീവമായ ബീജത്തെയും ചലനമുള്ള ബീജത്തെയും വേർതിരിച്ച് ബീജത്തിന്റെ ചലനാത്മകത തിരിച്ചറിയാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. 2.5 സെന്റീമീറ്റർ അകലത്തിൽ നിന്നുള്ള വികിരണം ബീജത്തിന്റെ ഗുണനിലവാരത്തെ തകരാറിലാക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്, എന്നിരുന്നാലും, ദൂരെയുള്ള റേഡിയേഷന്റെ ഫലങ്ങൾ കണ്ടെത്താനുള്ള പഠനം ഇനിയും നടന്നിട്ടില്ല.
ഇക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള റേഡിയേഷൻ മാത്രമല്ല, നമുക്ക് ചുറ്റും വിവിധ തരം അയോണൈസിംഗ്, നോൺ-അയോണിംഗ് റേഡിയേഷൻ ഉണ്ട്, ഈ വികിരണങ്ങൾ ബീജത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പുരുഷ പ്രത്യുത്പാദന അവയവത്തിനുള്ളിലെ ബീജകോശങ്ങളുടെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും പ്രക്രിയയെ ഇത്തരം വിവികരണങ്ങൾ സാരമായി ബാധിക്കും. അയോണൈസ് ചെയ്യാത്ത വികിരണം വൃഷണങ്ങളെ ബാധിക്കുന്നു, ഇത് ശരീരത്തിലെ ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതിലേക്ക് നയിക്കുന്നു. അതിനാൽ, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉയർന്ന ഉപയോഗം പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാണ്.