ഉറങ്ങുന്ന സമയത്തും നമ്മുടെ മസ്ത്കിഷ്കത്തിന്റെ (brain) ചില ഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അതുപോലെ തന്നെ, നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ മസ്തിഷ്കത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന കാര്യവും അറിയേണ്ടതാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് വിവിധ തരത്തിലുള്ള പോഷകങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകാഹാരങ്ങൾ (Nutritious Foods) നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിർഭാഗ്യവശാൽ, പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും. ഇത് ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങൾ വരാനുള്ള സാധ്യത ഉയർത്തും. മാത്രമല്ല പ്രായമാകുമ്പോൾ അൽഷിമേഴ്സ് വരാൻ ഇത് കാരണമായേക്കാം. അതിനാൽ, മസ്തികഷ്കത്തെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതെല്ലാമാണന്ന് നോക്കാം
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ (Fatty Fish)- നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ എന്നും ഒന്നാമതാണ് കൊഴുപ്പടങ്ങിയ മത്സങ്ങളുടെ സ്ഥാനം. കാരണം ഇതിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കത്തിന്റെ 60 ശതമാനവും കൊഴുപ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് മാത്രമല്ല ഇതിൽ പകുതിയോളം ഒമേഗ-3 ഫാറ്റി ആസിഡുകൾ ആണ് അടങ്ങിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. അതിനാൽ, നമ്മുടെ മസ്തിഷ്കം സ്വയം വികസിക്കാനും നാഡീകോശങ്ങൾ നിർമ്മിക്കാനും ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിക്കുന്നു. മാത്രമല്ല, ഈ കൊഴുപ്പ് ഓർമ്മശക്തിയും ബുദ്ധിശക്തിയും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
മഞ്ഞൾ- ആയുർവേദ ചികിത്സാ വിധികളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ. മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ നിരവധിയാണ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പാക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മസ്തിഷ്ക കോശങ്ങൾക്ക് വളരെ ഗുണകരമാണ്. ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഔഷധമാണ് മഞ്ഞൾ. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ വിഷാദ രോഗത്തെ ലഘൂകരിക്കാനും സഹായിക്കും. പുതിയ മസ്തിഷ്ക കോശങ്ങളുടെ വളർച്ചയ്ക്കും മഞ്ഞൾ പിന്തുണ നൽകും.
ഓറഞ്ച്- ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാൽ മതി നിങ്ങൾക്ക് ഒരു ദിവസം ആവശ്യമായ മുഴുവൻ വിറ്റാമിൻ സിയും ലഭിക്കും. വിറ്റാമിൻ സിയുടെ മികച്ച ഒരു സ്രോതസ്സാണ് ഓറഞ്ച്. അതിനാൽ നിങ്ങളുടെ നിത്യേന ഉള്ള ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് ഒഴിവാക്കരുത്. പ്രായമാകുമ്പോഴും നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് വിറ്റാമിൻ സി വളരെ സഹായകരമാണ്. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗങ്ങൾ, സ്കീസോഫ്രീനിയ, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കും.