എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം (International Yoga Day) ആചരിക്കുന്നത്. അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. 'എല്ലാവര്ക്കും വേണ്ടിയുള്ള യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ തീം. നിങ്ങള്‍ ആദ്യമായാണ് യോഗ പരിശീലിക്കുന്നതെങ്കില്‍, സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന എളുപ്പമുള്ള യോഗാ പോസുകള്‍ ഏതെല്ലാമെന്ന് നോക്കാം.
ആഞ്ജനേയാസനം (crescent moon pose)- നിങ്ങളുടെ വലതു കാൽ പിന്നിലേയ്ക്ക് നീട്ടി കാല്‍മുട്ട് പായയില്‍ കുത്തി നിൽക്കുക. ഇടത് കാല്‍മുട്ട് മുന്നോട്ട് 90 ഡിഗ്രി കോണില്‍ വളച്ച് നിങ്ങളുടെ കൈപ്പത്തികള്‍ പാദത്തിന്റെ രണ്ട് വശങ്ങളിലായി ഒരുമിച്ച് വെയ്ക്കുക. തുടർന്ന് കൈപ്പത്തികള്‍ രണ്ടും കൂപ്പി തലയ്ക്ക് മുകളില്‍ പിടിച്ച് പിന്നിലേക്ക് വളയ്ക്കുക. താടി ഉയര്‍ത്തി പിടിക്കണം. ഇങ്ങനെ 15-20 സെക്കന്‍ഡ് പിടിക്കുക.
ഭുജംഗാസനം (cobra pose)- ഈ യോഗാസനം ചെയ്യുന്നത് കൈകളുടെയും പെല്‍വിസ് ഏരിയകളിലെയും വഴക്കം വര്‍ദ്ധിപ്പിക്കുന്നു. കമഴ്ന്നു കിടന്ന് കാലുകള്‍ നീട്ടി വെയ്ക്കുക. നിങ്ങളുടെ കൈപ്പത്തികള്‍ നെഞ്ചിന്റെ ഇരുവശങ്ങളിലായി നിലത്ത് കമഴ്ത്തി വെയ്ക്കുക. സാവധാനത്തില്‍ ശ്വാസം എടുത്തുകൊണ്ട് തല ഉയര്‍ത്തിപ്പിടിക്കുക. ഈ സമയത്ത് കൈമുട്ടുകള്‍ പൂര്‍ണ്ണമായും നിവര്‍ന്നുനില്‍ക്കണം. 20 സെക്കന്‍ഡ് ഇങ്ങനെ നില്ക്കുക.
വൃക്ഷാസനം (tree pose) - ശരീരത്തിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള ആസനങ്ങളില്‍ ഒന്നാണ് വൃക്ഷാസനം. നിങ്ങളുടെ കാലുകള്‍ ചേര്‍ത്ത് വെയ്ക്കുക. വലതുകാല്‍ മടക്കി ഇടതു തുടയില്‍ കയറ്റി വെയ്ക്കുക.ഇടതുകാല് നിലത്ത് ഉറപ്പിച്ച് വെയ്ക്കുക. കൈകള്‍ തൊഴുത് പിടിക്കുക. ബാലന്‍സ് കിട്ടിയാല്‍ തൊഴുതുപിടിച്ച കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. കുറച്ച് നേരം അങ്ങനെ നില്ക്കുക. ശ്വാസം വിടുമ്പോള്‍ കൈകള്‍ താഴ്ത്തുകയും ചെയ്യുക.
ത്രികോണാസനം (triangle pose) - ത്രികോണാസനം പേശികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിര്‍ത്താനും സഹായിക്കുന്ന ആസനമാണിത്. നിങ്ങളുടെ കാലുകള്‍ അകറ്റി നിവര്‍ന്നു നില്ക്കുക. ദീർഘശ്വാസം എടുത്ത് വലതു കൈ തലയ്ക്ക് മുകളില്‍ നീട്ടിപ്പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് അരക്കെട്ട് ഇടതുവശത്തേക്ക് വളയ്ക്കുക. ഈ സമയത്ത് ഇടതുകൈയും തിരിക്കുക. അതിനനുസരിച്ച് തന്നെ വലതുകൈയും തിരിക്കണം. 30 സെക്കന്‍ഡ് ഇങ്ങനെ നില്ക്കുക. എന്നിട്ട് സാവധാനം ശ്വാസമെടുത്ത് പഴയതുപോലെ വരിക.