വർഷങ്ങൾ ഒപ്പം താമസിച്ച ജീവിത പങ്കാളി ഒരു ദിവസം അപ്രതീക്ഷിതമായി വിവാഹ മോചനം ആവശ്യപ്പെടുന്നത് തീർച്ചയായും ഞെട്ടലുണ്ടാക്കും. എന്നാൽ ആ നിമിഷത്തെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ടുപോയ എത്രയോ പേർ നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇവിടെ നാലരവർഷത്തിലധികം ഒരുമിച്ച് കഴിഞ്ഞ ഭർത്താവ് വിവാഹ മോചനം നേടുക മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ഹണിമൂണിന് പോവുകയും ചെയ്തു. യുവതിയും ഭർത്താവും പ്ലാൻ ചെയ്ത അതേ ദിവസങ്ങളിൽ, അതേ ഹോട്ടലിൽ തന്നെയാണ് ഭർത്താവും അവളുടെ ഫ്രണ്ടും ഹണിമൂണിനായി പോയതെന്നതാണ് യുവതിയെ തകർത്തുകളഞ്ഞത്.
കാതറിനും ഭർത്താവും ടിമ്മും (പേരുകൾ യഥാർത്ഥമല്ല) നല്ല രീതിയിലായിരുന്നു അതുവരെ മുന്നോട്ടുപോയിരുന്നത്.
സന്തോഷത്തോടെയും നിറഞ്ഞ സ്നേഹത്തോടെയുമാണ് യുകെയിലെ ഈ ദമ്പതികൾ ജീവിതം നയിച്ചത്. വർഷങ്ങളായി മാറ്റിവെച്ച ശേഷം ഹണിമൂണിനായി ഇരുവരും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ജോലിത്തിരക്കുകൾ കഴിഞ്ഞ ലക്ഷ്വറി ഹോട്ടൽ ബുക്ക് ചെയ്യാനും തീരുമാനിച്ചു.
ജോലി കഴിഞ്ഞ് കാതറിൻ വീട്ടിലെത്തി. ഹണിമൂൺ ട്രിപ്പ് ബുക്ക് ചെയ്യുകയായിരുന്നു വരവിന്റെ പ്രധാന ലക്ഷ്യം. എന്നാൽ വന്നപ്പോൾ മുതൽ ടിമ്മിന്റെ മുഖത്ത് നിരാശയും സന്തോഷമില്ലായ്മയും കാതറിൻ ശ്രദ്ധിച്ചു. കാതറിനെ ചേർത്ത് നിർത്തിയ ശേഷം ടിം പറഞ്ഞത് ഹോട്ടൽ മുറി ബുക്ക് ചെയ്യുന്ന കാര്യമായിരുന്നില്ല. അവളിൽ നിന്ന് വിവാഹ മോചനം വേണമെന്ന ആവശ്യമാണ് ടിം മുന്നോട്ടുവെച്ചത്.
''അതുകേട്ട ശേഷം കാഴ്ചകളെല്ലാം മങ്ങുന്നതുപോലെ തോന്നി. അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്ത പിരിമുറുക്കം ദൃശ്യമായിരുന്നു. അതുകേട്ട് ഞാൻ വല്ലാത്ത ഷോക്കിലായിപ്പോയി. വിവാഹമോചനം ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് കരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചതായി ഓർമയുണ്ട്. എന്നോട് പ്രണയമില്ലെന്നും ഈ ബന്ധം മുന്നോട്ടുകൊണ്ടുോകാനാകില്ലെന്നുമാണ് ടിം പറഞ്ഞത്''- വിവാഹ മോചന അനുഭവം പങ്കുവെച്ച് കാതറിൻ പറയുന്നു.
കാതറിന്റെ അടുത്ത ബന്ധുക്കൾക്ക് പോലും ടിമ്മിന്റെ പെട്ടെന്നുള്ള പിന്മാറ്റം വിശ്വസിക്കാനാകുമായിരുന്നില്ല. ഇവരുടെ ബന്ധത്തിനിടയിൽ വില്ലനായി മൂന്നാമൻ ആരെങ്കിലും ഉണ്ടോ എന്നുപോലും ബന്ധുക്കൾ സംശയിച്ചു. അടുത്ത സുഹൃത്തുക്കൾ പോലും അകന്നുമാറുന്നതും കൂട്ടായ്മകളിൽ നിന്ന് വിട്ടുനിൽക്കുന്നതുമെല്ലാം കാതറിന്റെ ശ്രദ്ധയിൽപ്പെട്ടു.
നടന്നതെല്ലാം അമ്മയോട് പറഞ്ഞു. താൻ കടന്നുപോകുന്ന ഇപ്പോഴത്തെ വിഷാദ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന പ്രതീക്ഷിയിൽ പ്രഭാത ഭക്ഷണത്തിനായി അടുത്ത സുഹൃത്തിനെ ക്ഷണിക്കാൻ കാതറിൻ തീരുമാനിച്ചു. സുഹൃത്തായ യുവതി വന്നപ്പോൾ അവരുടെ സുഹൃത്തായ മറ്റുരണ്ടുപേർ കൂടി ഒപ്പമുണ്ടായിരുന്നു. ''ആ സമയത്താണ് ഞാൻ ശ്രദ്ധിച്ചത്, അവൾ വലിയ പിരിമുറക്കത്തിലായിരുന്നു. എന്തോ എന്നോട് പറയണമെന്ന് ആഗ്രഹിക്കുന്നതുപോലെ തോന്നി. പക്ഷെ അത് കേൾക്കാൻ അത്ര സുഖകരമായ കാര്യമായിരുന്നില്ല.'' കാതറിൻ ഓർമിക്കുന്നു.
തന്റെ ഭർത്താവുമായി കൂട്ടുകാരി പ്രണയത്തിലായിരുന്നുവെന്ന് അറിഞ്ഞപ്പോൾ കൂടുതൽ തളർന്നുപോയി. ടിമ്മിനെയും മറ്റുകൂട്ടുകാരെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. അങ്ങനെയിരിക്കെ തങ്ങൾ ഒരുമിച്ച് ഹണിമൂണിനായി പ്ലാൻ ചെയ്തിരുന്ന ദിവസങ്ങളായിരുന്നു അതെന്ന് കാതറിൻ തിരിച്ചറിഞ്ഞു. പിന്നീട് സോഷ്യൽ മീഡിയയിൽ തന്റെ കൂട്ടുകാരിയും ഭർത്താവ് ടിമ്മും തമ്മിലുള്ള ഒരു ഫോട്ടോ ശ്രദ്ധയിൽപെട്ടു. കാതറിൻ ഹണിമൂണിനായി പ്ലാൻ ചെയ്ത അതേ ഹോട്ടലിൽ നിന്നുള്ള ചിത്രമായിരുന്നു അത്. തന്നിൽ നിന്ന് വിവാഹമോചനം ആഗ്രഹിച്ച ശേഷമാണ് കൂട്ടുകാരിയുമായി പ്രണയത്തിലായതെന്നാണ് ടിം പറയുന്നത്. പക്ഷെ അത് വിശ്വസനീയമല്ലെന്ന് കാതറിൻ അനുഭവ കുറിപ്പിൽ പറയുന്നു.