ഇതിനിടയിലാണ് എല്ലാവർക്കും കാര്യം മനസ്സിലായത്. സംഭവം ഒരു പ്രതിഷേധ സമരമാണ്. ഒരു ഒന്നൊന്നര പ്രതിഷേധസമരം. കോവിഡിനെ തുടർന്ന് ദുരിതത്തിലാണ് കാറ്ററിംഗ് ജീവനക്കാർ. ഈ സാഹചര്യത്തിലാണ് ഓൾ കേരള കാറ്റർസ് അസോസിയേഷൻ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികളായ റാസിലും സമീനയുമാണ് വീണ്ടും വധൂവരൻമാർ ആയി വേഷമിട്ടത്.
കോവിഡിനെ തുടർന്നുള്ള ദുരിതമാണ് വീണ്ടും തങ്ങളെ കതിർ മണ്ഡപത്തിൽ കയറി കല്യാണം കഴിച്ച് പ്രതിഷേധിക്കാൻ സാഹചര്യമൊരുക്കിയത് എന്ന് സമീനയും റാസിലും പറയുന്നു. ഇതിനിടയിൽ ഗ്യാസ് വില വർദ്ധനവ് പിൻവലിക്കുക എന്ന ബോർഡ് കണ്ടതോടെ ദമ്പതികൾക്ക് ഒരു മോഹം. ഗ്യാസ് വില കൂടിയതോടെ വലിയ ദുരിതമനുഭവിക്കുന്ന ദമ്പതികൾ ആ ബോർഡും കയ്യിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് നൽകി.
ഏതായാലും സെൽഫി ഒക്കെ കഴിഞ്ഞിട്ട് ചെക്കനും പെണ്ണും നേരെ സദ്യ കഴിക്കാൻ. വാഴയിലയിൽ ഉഴുന്നുവട വിളമ്പി. അങ്ങനെ ഉഴുന്നുവട കഴിച്ചും പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവരെ സന്ദർശിക്കുകയായിരുന്നു. വ്യത്യസ്ത സമരരീതി ശ്രദ്ധയിൽപ്പെട്ടതോടെ വിഡി സതീശൻ ഇവിടേക്കും എത്തി. കാറ്ററിംഗ് ജീവനക്കാരുടെ ദുരിതം കേട്ടറിഞ്ഞു. പിന്നെ ചെക്കനും പെണ്ണിനും ആശംസകൾ നേർന്ന ശേഷമാണ് വിഡി സതീശൻ മടങ്ങിയത്.
കോവിഡിനെ തുടർന്ന് കല്യാണ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ഒന്നര വർഷമായി ദുരിതത്തിലാണ് കാറ്ററിംഗ് ജീവനക്കാർ. ഇതാണ് ഇത്തരത്തിലൊരു പ്രതീകാത്മക സമരവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്താൻകാരണം. എന്തായാലും കുറെ നാളുകൾക്കു ശേഷം നല്ലൊരു കല്യാണം കൂടിയതിന്റെ ആവേശത്തിലായിരുന്നു കാഴ്ചക്കാർ.