തിരുവനന്തപുരത്ത് പൈതൃക പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട കോട്ടയ്ക്കകത്ത് രണ്ട് നൂറ്റാണ്ടിൽ അധികം പഴക്കമുള്ള ഒരു കെട്ടിടമുണ്ട്. പടിഞ്ഞാറേക്കോട്ടയ്ക്ക് സമീപമുള്ള ചരിത്രപ്രാധാന്യമുള്ള ഈ മന്ദിരം തിരുവിതാംകൂര്‍ ഭരണകാലത്ത് പട്ടാള ബാരക്കായും പിന്നീട് തടവറയായും ഉപയോഗിച്ചിരുന്നു. അന്ന് തിരുവിതാംകൂറിൻറെ തടവറ ആയിരുന്ന ഈ കെട്ടിടം ഇന്ന് ചരിത്ര ഗവേഷകരെയും സാധാരണക്കാരെയും ഒരു പോലെ ആകർഷിക്കുന്ന താളിയോല മ്യുസിയം ആണ്.
മൂന്ന് കോടി രൂപ ചെലവിൽ 6000 ചതുരശ്ര അടി വിസ്തീർണമുള്ള മൂസിയത്തിൽ 187 താളിയോലകൾ പ്രദർശിപ്പിച്ചിരിക്കുന്നു. അതീവ ചരിത്ര പ്രാധാന്യമുള്ള ഇവയിലെ ഉള്ളടക്കം സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന തരത്തിൽ ആധുനിക സംവേദന ഉപകരണങ്ങളുടെ സഹായത്തോടെ ആണ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവിതാംകൂർ, കൊച്ചി നാട്ടു രാജ്യങ്ങളിലെയും മലബാറിലെയും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ ചരിത്രം വെളിവാക്കുന്ന പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള താളിയോലകൾ ഇവിടെയുണ്ട്. സംസ്ഥാന പുരാരേഖാ വകുപ്പിൻ്റെ ശേഖരത്തിൽ ഉള്ള ലക്ഷക്കണക്കിന് താളിയോലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മണ്ണും മനുഷ്യനും, യുദ്ധവും സമാധാനവും, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ നമ്മുടെ ഭൂതകാലത്തെ സ്പര്‍ശിക്കുന്ന സുപ്രധാന വിഷയങ്ങളെ തരം തിരിച്ചാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ച മതിലകം രേഖകള്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഇവിടെയുണ്ട്. ഭാവിയിൽ ചരിത്ര ഗവേഷണത്തിന് കൂടി ഉതകുന്ന രീതിയിൽ ആണ് മ്യുസിയം വിഭാവനം ചെയ്തിരിക്കുന്നത്.
മ്യുസിയം കെട്ടിടം പുരാരേഖാ വകുപ്പിൻ്റെ സെൻട്രൽ ആർക്കൈവ് സ് ആകുന്നതിന് മുമ്പ് തിരുവിതാംകൂർ നായർ പട്ടാളത്തിൻറെ ബാരക്ക് ആയി പ്രവർത്തിച്ചിരുന്നു. പിന്നീട് ഇത് തിരുവിതാംകൂറിൻ്റെ തടവറ ആയി ഉപയോഗിക്കാൻ തുടങ്ങി. ഇവിടെ തടവറ സ്ഥാപിക്കുന്നതിന് മുമ്പ് വധശിക്ഷയ്ക്ക് വിധിക്കുന്ന തടവുപുള്ളികളെ വരെ പാര്‍പ്പിച്ചിരുന്നത് ആരാച്ചാരുടെ ഔദ്യോഗിക വസതിയിലാണ്!
1887ല്‍ പൂജപ്പുരയില്‍ ആധുനിക തടവറ പണിതതോടെ ഈ കെട്ടിടം കുറച്ചു കാലം അടഞ്ഞു കിടന്നു. പിന്നീട് തിരുവിതാംകൂറിന്റെ ഔദ്യോഗിക രേഖാലയമായ വെര്ണാക്കുലര് റെക്കോഡ്സ് ആസ്ഥാനമായി ഈ കെട്ടിടം ഉപയോഗിച്ചു തുടങ്ങി. അത് വരെ തിരുവിതാകൂറില് ചരിത്രസംഭവങ്ങള്‍ രേഖപ്പെടുത്തിയ താളിയോലകള്‍ ഇവിടേക്ക് മാറ്റി. പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള ലക്ഷണക്കണക്കിന് താളിയോലകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പലതും നമ്മുടെ ഭൂതകാലത്തെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ നല്കുന്ന ചരിത്ര രേഖകളാണ്.
പുരാതന ലിപികളായ വട്ടെഴുത്തിലും കോലെഴുത്തിലും മലയാണ്മയിലുമാണ് ഇവ എഴുതപ്പെട്ടത്. ഇവയുടെ ഉള്ളടക്കം ലിപി വിദഗ്ധരുടെ സഹായത്തോടെ വായിച്ച് സുപ്രധാനമായവ തരം തിരിച്ച് പൊതുജനങ്ങള്‍ക്ക് അവയുടെ ചരിത്രപ്രാധാന്യം മനസിലാവുന്ന തരത്തിലാണ് താളിയോല മ്യൂസിയം സംസ്ഥാന മ്യൂസിയം വകുപ്പ് സജ്ജമാക്കിയിരിക്കുന്നു. അന്ന് തടവറയായിരുന്ന ഒരു പുരാതന മന്ദിരം ഇന്ന് അറിവിന്റെ നിലവറയാണ്. ഡിസംബർ 22 മുതൽ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. ചരിത്രകുതുകികളെ സംബന്ധിച്ച് അറിവിന്റെ അക്ഷയഖനിയായ മ്യൂസിയത്തിലേക്ക് ആദ്യത്തെ ഒരു മാസം പ്രവേശനം സൗജന്യമാണ്.