19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേന്ദ്ര ബജറ്റ് (Union Budget) വലിയ പരിണാമങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിമാരുടെ വേഷങ്ങളിലും വിവിധ ശൈലികളിലും വരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. 1860ൽ ഇന്ത്യയുടെ ആദ്യ ബജറ്റ് (First Budget) അവതരിപ്പിച്ച സ്കോട്ടിഷ് ഇക്കണോമിസ്റ്റും രാഷ്ട്രീയക്കാരനുമായ ജെയിംസ് വിൽസൺ (James Wilson ) മുതൽ, നിലവിലെ ധനമന്ത്രി നിർമ്മലാ സീതാരാമൻ (Nirmala Sitharaman) വരെ ബജറ്റ് അവതരണത്തിലും വേഷവിധാനങ്ങളിലും വരുത്തിയ ചില മാറ്റങ്ങൾ പരിശോധിക്കാം. വിക്ടോറിയൻ വസ്ത്രങ്ങൾ അണിഞ്ഞാണ് ജെയിംസ് വിൽസൺ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇവിടെ തുടങ്ങുന്നതാണ് കേന്ദ്ര ബജറ്റിന്റെ യാത്ര. ബജറ്റ് ശൈലികളിലെ ഈ മാറ്റങ്ങൾ ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങളെ മാത്രമല്ല ചിത്രീകരിക്കുന്നത്, ബ്രിട്ടീഷ് കൊളോണിയൽ സംസ്ക്കാരത്തിൽ നിന്ന് ഇന്ത്യൻ സംസ്ക്കാരത്തിലേയ്ക്കുള്ള അഭിമാനകരമായ ചുവട് വയ്പ്പുകൾ കൂടിയാണ് ഇതുവഴി ചിത്രീകരിക്കുന്നത്.
ആർ കെ ഷൺമുഖം ചെട്ടി- 1947 നവംബർ 26ന് അന്നത്തെ ധനമന്ത്രി ആർ.കെ ഷൺമുഖം ചെട്ടി വെള്ള ഷർട്ടും ഇരുണ്ട നിറത്തിലുള്ള പിൻസ്ട്രൈപ്പ് സ്യൂട്ടും ടൈയും ധരിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത്. ചെട്ടിയുടെ ഒരു വശത്ത് നിന്ന് ഭംഗിയായി ചീകി ഒതുക്കി വച്ച ഹെയർസ്റ്റൈലും വട്ട കണ്ണടയും ഈ ലുക്കിനെ കൂടുതൽ ഭംഗിയാക്കി.
മൊറാർജി ദേശായി- 1968ൽ ഇന്ത്യയിലെ ജനങ്ങൾക്കായി ഒരു "ജനകീയ ബജറ്റ്" അവതരിപ്പിക്കുക മാത്രമല്ല, ഒരു സാധാരണക്കാരനെപ്പോലെ വസ്ത്രം ധരിച്ചാണ് മൊറാർജി ദേശായി ബജറ്റ് അവതരണത്തിന് എത്തിയത്. അതുവരെയുള്ള കാലയളവിൽ വിവിധ ധനമന്ത്രിമാർ സ്യൂട്ട് തന്നെ ധരിച്ചാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ ഇന്ന് വ്യത്യസ്തമായിരുന്നു മൊറാർജി ദേശായിയുടെ ബജറ്റും വേഷവും. സ്യൂട്ടിന് പകരം ദേശായി വെളുത്ത ഗാന്ധി തൊപ്പിയും ബന്ദ് ഗാല സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അദ്ദേഹം ആകെ 10 ബജറ്റുകൾ അവതരിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് മൊറാർജി ദേശായി.
പി. ചിദംബരം- സ്യൂട്ടുകൾ, ബന്ദ്ഗാലകൾ എന്നിവയിൽ നിന്ന് മാറി മുൻ ധനമന്ത്രി പി. ചിദംബരം പരമ്പരാഗതമായ വെളുത്ത വേഷ്ടിയും വെള്ള കോട്ടൺ ഷർട്ടും ധരിച്ചാണ് ബജറ്റ് അവതരിപ്പിക്കാനെത്തിയത്. 1997ലെ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്നത് ഈ വേഷമാണ്. സർക്കാർ നയങ്ങളിലും വിഹിതങ്ങളിലും മാറ്റം വരുത്തി ചിദംബരം 8 ബജറ്റുകൾ കൂടി അവതരിപ്പിച്ചു. എന്നാൽ ഒരിയ്ക്കൽ പോലും അദ്ദേഹത്തിന്റെ വെള്ള വസ്ത്രത്തിന് മാറ്റം വരുത്തിയില്ല.
നിർമ്മല സീതാരാമൻ- ഹാൻഡ് ലൂം വസ്ത്രങ്ങളോട് പ്രത്യേക മമതയുള്ള നിർമ്മല ഓരോ ബജറ്റിലും വ്യത്യസ്തവും നിരവധി പ്രത്യേകതകളുമുള്ള സാരിയാണ് ധരിക്കാറുള്ളത്. 2022ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തിയത് മെറൂൺ ബോർഡറുള്ള മണ്ണിന്റെ നിറമുള്ള സംബൽപുരി സാരി ധരിച്ചാണ്. ബംഗാളിൽ 'ലാല് പാഡ്' (ചുവന്ന ബോർഡർ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാരിയായിരുന്നു സീതാരാമൻ കഴിഞ്ഞ വർഷം ധരിച്ചത്. ബംഗാളി സ്ത്രീകൾ വിശേഷാവസരങ്ങളിൽ ധരിക്കുന്ന ഈ സാരി, പശ്ചിമ ബംഗാളിന്റെ സംസ്കാര പ്രതീകമായി കൂടി വിശേഷിപ്പിക്കപ്പെടുന്നതാണ്. വിജയദശമി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ദുർഗപൂജ ചടങ്ങുകളിലാണ് ബംഗാളി സ്ത്രീകൾ പ്രധാനമായും ലാൽ പാഡ് സാരികൾ ധരിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദുർഗാപൂജാ ചടങ്ങുകൾക്ക് വലിയ പ്രാധാന്യമാണ് ബംഗാളി സ്ത്രീകൾ നൽകി വരുന്നതും.
2019-2020 സാമ്പത്തിക വർഷത്തിലെ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ച്, ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് എന്ന റെക്കോർഡ് നിർമ്മല സീതാരാമൻ ആദ്യമായി സ്ഥാപിച്ചിരുന്നു. അന്നത്തെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു, 2003 ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂറും 15 മിനിറ്റും അവതരിപ്പിച്ച ജസ്വന്ത് സിംഗിന്റെ റെക്കോർഡാണ് നിർമ്മല മറികടന്നത്. 2020-ൽ, നിർമ്മല സീതാരാമൻ തന്റെ തന്നെ റെക്കോർഡ് തകർത്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രസംഗം വെട്ടിക്കുറച്ചെങ്കിലും 162 മിനിറ്റ് (രണ്ട് മണിക്കൂർ 42 മിനിറ്റ്) മാരത്തൺ പ്രസംഗം അവതരിപ്പിച്ചു. വാക്കുകളുടെ എണ്ണത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് റെക്കോർഡിനുടമ. 18,650 വാക്കുകളുള്ള ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.