യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ച തമിഴ്നാട് , കന്യാകുമാരി സ്വദേശിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച കോഴിക്കോട്ടുകാരി താഹിറ. രണ്ടു വര്‍ഷത്തോളമായി ചിതാഭസ്മം കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്ന കോട്ടയംകാരന് സിജോയില്‍ നിന്ന് താഹിറ കഴിഞ്ഞ ദിവസം ചിതാഭസ്മമടങ്ങിയ പെട്ടി ഏറ്റുവാങ്ങി. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പറക്കുന്ന താഹിറ, കന്യാകുമാരിയിലെ അരുമനയ്ക്ക് സമീപം കുഴിച്ചൽ ഗ്രാമത്തിൽ ചിതാഭസ്മം രാജ് കുമാറിന്റെ മക്കള്‍ക്ക് കൈമാറിയ മുഹൂർത്തം വിവരണങ്ങൾ വാക്കുകൾക്ക് അധീതം.
2020 മെയ് മാസമാണ് അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാര്‍ മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍, യുഎഇയില്‍ തന്നെ സംസ്കരിച്ച ശേഷം ചിതാ ഭസ്മം അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചു. രാജ് കുമാറിന്റെ മരണത്തിന് മുൻപ് 2012 ൽ അദ്ദേഹത്തിന്റെ ഭാര്യ ലതാ പുഷ്പം ഒരു അപകടത്തിൽ പെട്ട് മരണപ്പെട്ടു. അച്ഛൻ മാത്രം തണലായ രണ്ടു മക്കൾ ബുക്ളീൻ റിക്സി 22, അക്ളീൻ രാകുൽ 20 , അച്ഛനെ അവസാനമായി കാണാന്‍ കഴിയാന്‍ ഭാഗ്യം ലഭിക്കാതിരുന്ന അദ്ദേഹത്തിന്റെ മക്കള്‍, അദ്ദേഹത്തിന്റെ ചിതാ ഭസ്മമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു.
ഇതിനിടയിൽ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് കോട്ടയം സ്വദേശി സിജോ, രാജ് കുമാറിന്റെ മക്കളുടെ ഈ ആഗ്രഹം അറിഞ്ഞത്. അദ്ദേഹം രേഖകള്‍ വരുത്തി ആശുപത്രിയില്‍ നിന്ന് ചിതാ ഭസ്മം ഏറ്റുവാങ്ങി, സ്വന്തം താമസ സ്ഥലത്ത് സൂക്ഷിച്ചു. രണ്ട് വര്‍ഷമായി ചിതാ ഭസ്മം സൂക്ഷിച്ചെങ്കിലും അത് നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് പല കാരണങ്ങള്‍ കൊണ്ട് സാധിച്ചില്ല. ഇതിനിടെ കൊവിഡ് പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തോളം ജോലി നഷ്ടമാവുകയും ചെയ്തു. നാട്ടിലേക്ക് പറക്കുന്ന ഉറ്റവരോടെല്ലാം ചിതാ ഭസ്മം കൊണ്ടുപോകുന്ന കാര്യം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചിതാ ഭസ്മം കൊണ്ടുപോകുന്നതിനും നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയേക്കേണ്ടതുണ്ടായിരുന്നു.
മരിച്ച രാജ് കുമാറിന്റെ മക്കള്‍ എല്ലാ ദിവസവും സിജോയെ വിളിക്കും, അച്ഛന്റെ ഓര്‍മ്മകളുറങ്ങുന്ന പെട്ടി ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍. ഇതുവരെ ഭാര്യയും കുട്ടിയും പോലും അറിയാതെ ചിതാഭസ്മം താമസ സ്ഥലത്ത് സൂക്ഷിച്ച സിജോ, അടുത്തിടെ കുടുംബം നാട്ടിലേക്ക് പോയ ശേഷമാണ് സുമനസുകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്. മാതാവിനു പിന്നാലെ പിതാവും നഷ്ടമായ കുട്ടികളുടെ ദുഖം അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന സിജോക്ക് മനസിലാക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല.
സിജോയുടെ അഭ്യര്‍ത്ഥന സോഷ്യൽ മീഡിയയിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞതോടെ അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായ കോഴിക്കോടുകാരി താഹിറ ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങളെല്ലാം ദിവസങ്ങളോളം ഉള്ള ശ്രമ ഭലമായി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ച താഹിറ ഇന്ന് അതിരാവിലെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ താഹിറ ചിതാ ഭസ്മം രാജ് കുമാറിന്റെ കന്യാകുമാരിയിലെ വസതിയിൽ എത്തി മക്കൾക്ക് കൈമാറിയ നിമിഷം വിവരിക്കാൻ വാക്കുകൾ ഇല്ല എന്നു തന്നെ പറയാം. ആ നിമിഷങ്ങളിൽ താഹിറ യുടെ കണ്ണുകളും ഈറണനിയുന്നത് കാണാൻ കഴിഞ്ഞു. എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഫസല്‍ റഹ്മാനും ഒപ്പമുണ്ടായിരുന്നു
ചിതാഭസ്മം താഹിറ കൈമാറിയ നിമിഷം അത് മകൻ ഏറ്റു വാങ്ങി ഉടനെ തന്നെ കല്ലറയ്ക്കുള്ളിൽ വയ്ക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുത്ത താഹിറ സ്വന്തം നാടായ കോഴിക്കോട് പോകാനോ ബന്ധുക്കളെ പോലും കാണാൻ ഔദ്യോഗിക തിരക്കുകൾ കാരണം സമയം ലഭിക്കാത്തതിനാൽ തിരികെ ദുബായ്ലേക്ക് തന്നെ മടങ്ങുന്നു. ഒരു ദിവസം പോലും കണ്ടിട്ടിട്ടില്ലാത്ത ആരെന്നു പോലും അറിയാത്ത ആർക്കോ വേണ്ടി താഹിറ എന്ന മനുഷ്യ സ്നേഹി നവീന ലോകത്തിന്റെ മാലാഖ തന്നെയാണ്. (റിപ്പോർട്ടും ചിത്രങ്ങളും സജ്ജയ കുമാർ)