വഞ്ചിരാജപരമ്പര കുലദൈവമായി ആരാധിക്കുന്ന പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ നാല് നൂറ്റാണ്ടിന് ശേഷം മഹാകുംഭാഭിഷേകം നടന്നു. ജൂലൈ 6ന് രാവിലെ 5.10നും 5.50നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് കുംഭാഭിഷേക ചടങ്ങുകൾ നടന്നത്. തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ അകലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് കുംഭാഭിഷേകം ദര്‍ശിക്കാനെത്തിയത്.
കുളച്ചൽ യുദ്ധത്തിനു പോകുംമുൻപ് മാർത്താണ്ഡവർമ മഹാരാജാവ് വാൾവെച്ച് വണങ്ങിയ പാരമ്പര്യം തിരുവട്ടാറിനുണ്ട്. 418 വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടക്കുന്നത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പൂർത്തിയാക്കിയത്. 7 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
രണ്ടുതവണ ആവർത്തിച്ചുണ്ടായ കവർച്ചയിൽ ക്ഷേത്രത്തിലെ സ്വർണശേഖരത്തില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടു. തിരുവട്ടാർ ക്ഷേത്രത്തിൽ വർഷങ്ങൾ നീണ്ട സ്വർണമോഷണം 1991-ൽ പുറംലോകമറിഞ്ഞു. വിഗ്രഹത്തിനു മുകളിൽ വിരിച്ച പട്ടുവസ്ത്രങ്ങൾ മറയാക്കിയാണ് കവർച്ച നടത്തിയത്. 1994-ൽ വീണ്ടും ക്ഷേത്രം കുത്തിത്തുറന്ന് കവർച്ച നടത്തി. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക് മോഷ്ടാവിനേ അറിയൂവെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്.