ഏഴ് മണിക്കൂർ, മൂന്നു സങ്കീർണ ശസ്ത്രക്രിയകൾ; വീട്ടമ്മ സുഖമായിരിക്കുന്നു; ശ്രദ്ധേകേന്ദ്രമായി വീണ്ടും തിരുവനന്തപുരം മെഡിക്കൽകോളേജ്
ശ്വാസം മുട്ടലും വയറിനു പെരുക്കവുമായാണ് 49കാരിയായ വീട്ടമ്മ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ ജോർജ് കോശിയെ സമീപിച്ചത്
News18 Malayalam | February 15, 2020, 10:21 AM IST
1/ 6
തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ശ്വാസം മുട്ടലും വയറിനു പെരുക്കവുമായാണ് 49കാരിയായ വീട്ടമ്മ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ ജോർജ് കോശിയെ സമീപിച്ചത്. പരിശോധനയിൽ ഹൃദയവാൽവിന് ചുരുക്കവും വീണ്ടും പരിശോധിച്ചപ്പോൾ ഇടത്തേ ഹൃദയ അറയിൽ ഒരു മുഴ കണ്ടെത്തുകയുമായിരുന്നു. ഇടത്തേ അറയിൽ നിന്നും വാൽവ് തുളച്ച് മുഴമറ്റൊരു അറയിലേയ്ക്ക് വ്യാപിച്ച നിലയിലായിരുന്നു. അപൂര്‍വവും അപകടകരവുമായ അവസ്ഥയായതിനാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയ തീരുമാനിച്ചു.
2/ 6
കാർഡിയോ തൊറാസിക് വിഭാഗം പ്രൊഫസർ ഡോ വി സുരേഷ് കുമാറിന്റെ നേതൃത്യത്തിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് പരിശോധനയില്‍ രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ ഒരു വലിയ കാന്‍സര്‍മുഴ വളരുന്നതായും അത് കഴുത്തിലെ കഴലകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തതായി കണ്ടെത്തിയത്.
3/ 6
മാത്രമല്ല, വയറിനുള്ളിലും സാമാന്യം വലിപ്പമുള്ള ഒരു മുഴ കൂടി കണ്ടെത്തി. വിശദമായ പരിശോധനയില്‍ അത് ഗര്‍ഭപാത്രത്തിനുള്ളിലാണെന്ന് മനസിലായി. 28 ആഴ്ച പൂര്‍ത്തിയായ ഒരു ഗര്ഭിണിയുടേതുപോലെ വയര്‍ വീര്‍ത്ത നിലയിലുമായിരുന്നു. ചുരുക്കത്തില്‍ ഹൃദയഅറയ്ക്കുള്ളിലെ മുഴയും തൈറോയ്ഡ് ഗ്രന്ഥിയും കഴുത്തിലെ കഴലകളും ഗര്‍ഭപാത്രവും നീക്കം ചെയ്യുക എന്നതാണ് പോംവഴിയെന്ന് സ്ഥിരീകരിച്ചു.
4/ 6
കാര്‍ഡിയോതൊറാസിക് വിഭാഗംകൂടാതെ സര്‍ജറി, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് മൂന്നു ശസ്ത്രക്രിയകളും ഒരേസമയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 25ന് ഒരേ ടേബിളിൽ മൂന്നു ചികിത്സാ വിഭാഗങ്ങൾ കൈ കോർത്ത് ശസ്ത്രക്രിയ നടന്നു. ജനറല്‍സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ വിനീതും സംഘവും കഴുത്തിലെ ശസ്ത്രക്രിയ തുടങ്ങിയ അതേസമയം തന്നെ ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ജെ സിമിയുടെ നേതൃത്വത്തിലുള്ള സംഘം ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ആരംഭിച്ചു. കാലപ്പഴക്കമുള്ള മുഴകളായിരുന്നതിനാല് സങ്കീര്ണതകളുമേറെയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.
5/ 6
ഈ ശസ്ത്രക്രിയകള്‍ക്കുശേഷമാണ് പ്രൊഫ വി സുരേഷ്കുമാറും ഡോ കൃഷ്ണയും സീനിയര്‍ റസിഡന്റുമാരായ ഡോ വിപിന്‍, ഡോ മഹേഷ് എന്നിവരടങ്ങുന്ന സംഘം ഹൃദയഅറയ്ക്കുള്ളിലെ മുഴ നീക്കം ചെയ്തത്. ഗര്‍ഭപാത്രത്തിലെ മുഴയ്ക്ക് 20 സെന്റീമീറ്ററും ഹൃദയഅറയിലെ മുഴയ്ക്ക് ഏഴുസെന്റീമീറ്ററും വലിപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയാസംഘത്തില അനസ്തേഷ്യ വിഭാഗത്തിലെ ഡോ തുഷാര, ഡോ ശീതള്‍, പെര്‍ഫ്യൂഷനിസ്റ്റ് രേവതി, തീയേറ്റര്‍ നേഴ്സുമാരായ ഷൈനി, സൂര്യ, രൂപ എന്നിവരുമുണ്ടായിരുന്നു.
6/ 6
ശസ്ത്രക്രിയയ്ക്കുശേഷം വിദഗ്ധ പരിശീലനം ലഭിച്ച ഐസിയു നഴ്സുമാരുടെ തീവ്രപരിചരണം രോഗിയുടെ ആരോഗ്യനില വളരെ വേഗം മെച്ചപ്പെടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഒരാഴ്ചയ്ക്കുശേഷം രോഗി പൂര്‍ണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. ഇത്തരം ശസ്ത്രക്രിയകൾ വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂവെന്ന് കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുൾ റഷീദ് പറഞ്ഞു. പൂർണമായും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.