ഹൈദരാബാദ്: അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എന്നാൽ കുട്ടികളില്ലാത്തതിന്റെ വിഷമവും പേറി ഈ ലോകത്ത് ജീവിക്കുന്നത് ആയിരകണക്കിന് സ്ത്രീകളാണ്. ഇവർക്കൊക്കെ പ്രത്യാശ നൽകുന്നതാണ് 74-ാം വയസിൽ അമ്മയായ മംഗയമ്മയുടെ കഥ. ആന്ധ്രയിൽനിന്നുള്ള മംഗയമ്മ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയപ്പോൾ അത് ലോകറെക്കോർഡായി മാറി.
50 വയസ് പിന്നിട്ടാൽ ഇക്കാലത്ത് സ്ത്രീകൾ പ്രസവിക്കുന്നതിനുള്ള സാധ്യത വളരെ തുച്ഛമായിരിക്കും. തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയും മാനസികപിരിമുറുക്കവും സ്ത്രീകലിലെ വന്ധ്യതയ്ക്ക് പ്രധാന കാരണമാണ്. അതുകൊണ്ടുതന്നെയാണ് ഇക്കാലത്ത് വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് ഏറെ പ്രാധാന്യമേറുന്നതും. ഐവിഎഫ്, ഐയുഐ പോലെയുള്ള അത്യാധുനിക ചികിത്സാമാർഗങ്ങൾ ഇന്ന് ലഭ്യമാണ്.
74-ാം വയസിൽ ബമ്മ സ്വീകരിച്ചത് ഐവിഎഫ് ചിക്താസരീതിയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സിസേറിയനിലൂടെയാണ് മംഗയമ്മ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്. ഗുണ്ടൂർ അഹല്യ ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് മേധാവി ഡോ. ഉമാശങ്കറും സംഘവും നടത്തിയ ചികിത്സയിലൂടെയാണ് മംഗയമ്മ ഗർഭിണിയാകുന്നതും ഇരട്ടകുട്ടികളെ പ്രസവിച്ചതും.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമരാജ റാവുവിനെ 1962ലാണ് മംഗയമ്മ വിവാഹം കഴിച്ചത്. അതിനുശേഷം കുട്ടികൾക്കുവേണ്ടി നിരവധി ചികിത്സകളും വഴിപാടുകളും നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. ഐവിഎഫ് ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ മംഗയമ്മയും ഭർത്താവും 2018 ആദ്യം ചെന്നൈയിൽ ചികിത്സ തേടിയെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെയാണ് ഗുണ്ടൂരിലെ അഹല്യ ആശുപത്രിയിൽ എത്തുന്നത്. ഇവിടെ നടത്തിയ ചികിത്സ ഫലം കണ്ടതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് രാമരാജ റാവു-മംഗയമ്മ ദമ്പതികൾ.
ഗുണ്ടൂരിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയാണ് മംഗയമ്മയ്ക്ക് ലഭിച്ചത്. ഇവർക്ക് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളില്ലാതിരുന്നത് ചികിത്സ എളുപ്പമാക്കിയെന്ന് ഡോക്ടർമാർ പറയുന്നു. ഈ പ്രായത്തിൽ ഗർഭിണായായത് ഒരു ലോക റെക്കോർഡാണെന്ന് അഹല്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഇരട്ടകൾക്ക് ജന്മം നൽകുന്നത് മറ്റൊരു റെക്കോർഡാണ്. ഇരട്ട പെൺകുട്ടികൾക്കാണ് മംഗയമ്മ ജന്മം നൽകിയത്.