ന്യൂഡൽഹി: എടിഎം വഴിയുള്ള പണം പിൻവലിക്കുന്നതിനും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കുമുള്ള സേവന നിരക്ക് വർദ്ധിപ്പിക്കും. എ ടി എം വഴി നിശ്ചിത പരിധിക്കു ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ നിരക്ക് ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകൾക്ക് അനുമതി നൽകി. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനാണ് നിരക്കു വർദ്ധന. ഈ പുതുക്കിയ നിരക്ക് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് വിജ്ഞാപനത്തിൽ അറിയിച്ചു.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഇന്റര്‍ചെയ്ഞ്ച് ട്രാന്‍സാക്ഷനുകളുടെ നിരക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായി ഉയര്‍ത്താനും റിസർവ് ബാങ്കിന്റെ അനുമതിയുണ്ട്. പണ ഇതര ഇടപാടുകള്‍ക്ക് ഇത് ആറ് രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കും. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ ഈ നിരക്ക് നിലവില്‍ വരും. നികുതി ബാധകമായ ഇടപാടുകളില്‍ കൂടുതല്‍ നിരക്ക് വരും.
ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്ക് എടിഎമ്മുകളിൽ നിന്ന് എല്ലാ മാസവും അഞ്ച് സൌജന്യ ഇടപാടുകൾക്ക് അർഹതയുണ്ട്. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. പരിധിക്കപ്പുറം, ഓരോ എടിഎം ഇടപാടിനും അവർ 20 രൂപ അധിക തുക നൽകണം. പണം പിൻവലിക്കാനായി മറ്റ് ബാങ്ക് എടിഎമ്മുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ എടിഎം ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകളും അനുവദനീയമാണ്.
റിസർവ് ബാങ്ക് നിർദേശത്തിന് പിന്നാലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എടിഎമ്മുകളിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും പണം പിൻവലിക്കാനുള്ള നിയമങ്ങളും നിരക്കുകളും മാറ്റാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. പുതിയ ചാർജുകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകൾക്കും ബാധകമാകും. ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക്, എടിഎമ്മുകളും ബാങ്ക് ശാഖകളും ഉൾപ്പെടെ നാല് സൌജന്യ പണം പിൻവലിക്കൽ അനുവദിച്ചിരുന്നു. നിശ്ചിത പരിധിക്കപ്പുറമുള്ള ഓരോ ഇടപാടുകൾക്കും ബാങ്ക് 15 രൂപയും ജിഎസ്ടിയും ഈടാക്കും. പണം പിൻവലിക്കാനുള്ള നിരക്കുകൾ ഹോം ബ്രാഞ്ചിലും എടിഎമ്മുകളിലും എസ്ബിഐ ഇതര എടിഎമ്മുകളിലും ബാധകമാണ്.