വാഗണ്‍ ആര് പുതിയ പതിപ്പ് ജനുവരി 23ന് നിരത്തിലെത്തുന്നു. പുതിയ മോഡലിന്റെ പ്രീ ബുക്കിങ് മാരുതി സുസുകി തുടങ്ങിയിട്ടുണ്ട്. 11000 രൂപ നൽകി പുതിയ വാഗൺ ആർ ബുക്ക് ചെയ്യാം. പുതിയ വാഗൺ ആറിന്റെ വിവിധ പതിപ്പുകൾക്ക് നാലരലക്ഷം മുതൽ ആറ് ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. നിലവിൽ വിപണിയിലുള്ള മോഡലിനെ അപേക്ഷിച്ച് വലുപ്പം കൂടുതലും കരുത്തേറിയ എഞ്ചിനുമാണ് വാഗൺ ആർ 2019-ന്റെ പ്രത്യേകത.
സ്വിഫ്റ്റ്, ഇഗ്നീസ് മോഡലുകളുടെ അതേ ദൃഢതയേറിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് പുത്തന്‍ വാഗണ്‍ ആർ.. L, V, Z എന്നിങ്ങനെ മൂന്നു പതിപ്പുകളിലായി വരുന്ന വാഗൺ ആർ 2019, പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകും.
ആകർഷകമായ ഇന്റീരിയറാണ് പുതിയ വാഗൺ ആറിനെ ശ്രദ്ധേയമാക്കുന്നത്. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍ ആര്‍ച്ചും കൂടുതല്‍ ആകര്ഷകമാക്കിയിട്ടുണ്ട്. പുതിയ ആകൃതിയിലുള്ള ഹെഡ് ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും മുന്‍വശത്തെ വേറിട്ടതാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പ്രത്യേകത.
സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്ജിന് തന്നെയാവും പുതിയ വാഗണ്‍ആറിനും കരുത്തേകുന്നത്. 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് ഈ എഞ്ചിന്. അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ടാകും.