ചൊവ്വാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോർട്ട് അനുസരിച്ച് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വർഷം മുമ്പ് ചൈനക്കു പുറത്തേക്ക് വളർന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്ഫ്ളിക്സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. യുക്രെയ്നിനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്ളിക്സിന്റെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,00 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്ളിക്സിന് ഉണ്ടായത്.
ഒരു അക്കൗണ്ടിലെ പാസ്വേർഡ് ഷെയർ ചെയ്ത് ഒന്നലധികം ആളുകൾക്ക് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ സാധിക്കുന്നതും തിരിച്ചടിക്ക് കാരണമായി നെറ്റ്ഫ്ളിക്സ് വിലയിരുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുടുംബങ്ങൾ അവരുടെ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലുമോ പാസ്വേർഡ് ഉപയോഗിച്ച് നെറ്റ്ഫ്ളിക്സ് കാണുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ രീതി അവസാനിപ്പിച്ച് കൂടുതൽ ആളുകളെ അവരുടെ സ്വന്തം അക്കൗണ്ടുകൾക്കായി പണമടയ്ക്കാൻ പ്രേരിപ്പിക്കുന്നതിന് നെറ്റ്ഫ്ലിക്സ് കഴിഞ്ഞ മാസം ചിലി, പെറു, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ മാർഗം കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതനുസരിച്ച് വരിക്കാർക്ക് രണ്ട് ആളുകളെ വരെ അവരുടെ അക്കൗണ്ടുകളിലേക്ക് ചേർക്കാനായി നിശ്ചിത ചാർജ് നൽകേണ്ടി വരും.