ന്യൂഡൽഹി: കൊറോണ ബാധ രാജ്യത്തിന്റെ ഒരു മേഖലയെയും ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ഇതുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട ഒരു സാഹചര്യവും രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും അവർ പറഞ്ഞു. CNBC-TV18 IBLA 2020 പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കൊറോണ ബാധയെ തുടർന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഇപ്പോൾ രാജ്യത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവധ മേഖലകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കൊറോണ വൈറസ് ഭീഷണി തുടരുകയാണെങ്കിൽ അത് ഒരുപക്ഷെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചേനെ. ഇതൊഴിവാക്കാൻ ചൈനയിൽ അകപ്പെട്ടവരെയും അസംസ്കൃത വസ്തുക്കളും എയർലിഫ്റ്റിംഗിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നിരവധി ആഗോള നിക്ഷേപകർ ഇന്ത്യയിൽ മുതൽ മുടക്കാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.