വളർച്ചാനിരക്ക് 4.5% മാത്രം; ഇപ്പോഴും അഞ്ച് ട്രില്യൺ ഡോളർ പ്രതീക്ഷ കാത്ത് ധനമന്ത്രി നിർമല സീതാരാമൻ
ആദ്യ പാദത്തിൽ തന്നെ ഇന്ത്യ ചൈനയ്ക്ക് പിന്നിലായിരുന്നു. ചൈനയിൽ വളർച്ചാ നിരക്ക് ആറ് ശതമാനമാണ്.
News18 Malayalam | November 30, 2019, 3:46 PM IST
1/ 4
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച 4.5 ശതമാനത്തിലെത്തി. ആറര വർഷത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വളർച്ചാനിരക്ക് കുത്തനെ താഴേക്ക് വന്നെങ്കിലും അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
2/ 4
സാമ്പത്തിക മാന്ദ്യത്തിനിടയിൽ കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കാൻ മോദി സർക്കാർ സ്വീകരിച്ച നടപടി ചരിത്രപരമായ നീക്കമാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ നിക്ഷേപവും വ്യാവസായിക വളർച്ചയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിന് ഉതകുന്ന ചരിത്രപരമായ നീക്കമാണ് മോദി സർക്കാർ നടത്തിയത്. രാജ്യത്തെ ഇപ്പോഴത്തെ കോർപറേറ്റ് നികുതി നിരക്ക് ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞതാണെന്നും ട്വിറ്ററിലൂടെ ധനമന്ത്രി പറഞ്ഞു.
3/ 4
സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിലെ കണക്ക് പ്രകാരമാണ് മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) 4.5 ശതമാനത്തിലേക്ക് താഴ്ന്നത്. കഴിഞ്ഞ വർഷം ഇതേ സമയം ഏഴ് ശതമാനമായിരുന്നു ജിഡിപി. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിൽ(ഏപ്രിൽ-ജൂൺ) അഞ്ച് ശതമാനമായിരുന്നു ജിഡിപി. ആദ്യ പാദത്തിൽ തന്നെ ഇന്ത്യ ചൈനയ്ക്ക് പിന്നിലായിരുന്നു. ചൈനയിൽ വളർച്ചാ നിരക്ക് ആറ് ശതമാനമാണ്.
4/ 4
2013 ജനുവരി മാസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ സമ്പദ് രംഗം. 2012-13 ജനുവരി-മാർച്ച് കാലഘട്ടത്തിൽ 4.3 ശതമാനമായിരുന്നു ഇവിടുത്തെ സാമ്പത്തിക വളർച്ച.