സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്ധന വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയാണ് വില. ഡീസലിന് 81.47 രൂപയും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 97.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.60 രൂപയും.
ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും ഇന്ന് ഉയർന്നു. ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക്ഇന്ന് 64.37 ഡോളറാണ് വില. 73.11 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.
അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ 8.50 രൂപ വരെ കുറവ് വന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. റവന്യൂവരുമാനത്തെ ബാധിക്കാത്ത രീതിയിൽ എക്സൈസ് തീരുവയിൽ 8.50 രൂപ കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ബജറ്റിൽ പ്രതീക്ഷിക്കുന്ന 3.2 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 4.35 ലക്ഷം കോടി രൂപയാണ് 2021-22 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്. അതിനാൽ ഏപ്രിൽ ഒന്നിന് മുൻപ് എക്സൈസ് തീരുവയിൽ 8.50 രൂപ കുറവ് വരുത്തിയാലും ബജറ്റിൽ പ്രതീക്ഷിക്കുന്ന തുക നേടാനാകും'- ഐ സി ഐ സിഐ സെക്യൂരിറ്റീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡിമാൻഡ് വീണ്ടെടുക്കൽ, ആസന്നമാകുന്ന സ്വകാര്യവൽക്കരണം, പണപ്പെരുപ്പ ആശങ്കകൾ എന്നിവ കണക്കിലെടുത്ത് എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇത് ലിറ്ററിന് 8.5 രൂപയേക്കാൾ താഴെയായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
2020 മാർച്ചിനും മെയ് 2020നും ഇടയിൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് തീരുവ ഇനത്തിൽ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 31.8 രൂപയും പെട്രോളിന്റേത് 32.9 രൂപയുമാണ്. അസംസ്കൃത എണ്ണയുടെ വില രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയ സാഹചര്യത്തിലാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീണ്ടും കൂടുകയാണ്. എന്നാൽ, തീരുവ ഇതുവരെ കുറച്ചിട്ടുമില്ല. പെട്രോളിന്റെ വിൽപന വിലയുടെ 60 ശതമാനവും കേന്ദ്ര- സംസ്ഥാന നികുതികളാണ്. ഡീസലിന്റേതാകട്ടെ 54 ശതമാനവും.
രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ കഴിഞ്ഞ മാസം പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതി (വാറ്റ് ) ചുമത്തുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി 9 തവണയാണ് ഉയർത്തിയത്. പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് ആ കാലയളവിൽ വർധിപ്പിച്ചത്. അതുവഴി 2014-15ൽ 99,000 കോടി രൂപയായിരുന്ന എക്സൈസ് വരുമാനം 2016-17ൽ 2,42,000 കോടിയായി ഉയർന്നിരുന്നു.