ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തി. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.