വാഷിംഗ്ടൺ: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും, മാന്ദ്യം മാറ്റാൻ കടുത്ത നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നാണയനിധി(IMF) മുന്നറിയിപ്പ് നൽകി. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ ബാധിച്ചതായി ഐഎംഎഫ് വാർഷിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
'ഇന്ത്യ ഇപ്പോൾ കാര്യമായ സാമ്പത്തിക മാന്ദ്യത്തിലാണ്', ഐഎംഎഫ് ഏഷ്യ, പസഫിക് വകുപ്പിലെ റനിൽ സൽഗഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ മാന്ദ്യത്തെ മറികടക്കാനും ഇന്ത്യയെ ഉയർന്ന വളർച്ചാ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അടിയന്തിര നയപരമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കടബാധ്യത കൂടിയ സാഹചര്യത്തിൽ വളർച്ചയെ സഹായിക്കുന്ന തരത്തിൽ കൂടുതൽ പണം ചെലവഴിക്കുന്നതിന് സർക്കാരിന് പരിമിതികളുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.
ഒക്ടോബറിലെ ഐഎംഎഫ് 2019 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക വളർച്ച 6.1 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്ക് (ആർബിഐ) ഈ വർഷം പ്രധാന വായ്പാ നിരക്ക് അഞ്ച് തവണ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചിരുന്നു, ഉപഭോക്തൃ ആവശ്യവും ഉൽപാദനവും പ്രതിസന്ധിയിലായതോടെ വളർച്ചാനിരക്ക് 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിരുന്നു. സാമ്പത്തിക മാന്ദ്യം തുടരുകയാണ് ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്ന് സൽഗാഡോ സൂചിപ്പിച്ചു.