യുകെയിലെ ആദ്യ ജഗന്നാഥക്ഷേത്രം നിർമിക്കാൻ 250 കോടി രൂപ സംഭാവന നൽകി ഒഡീഷ സ്വദേശിയും യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയും ശതകോടീശ്വരനുമായ ബിശ്വനാഥ് പട്നായിക്. ഇന്ത്യക്ക് പുറത്ത് ക്ഷേത്രം പണിയാൻ ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്. ഫിൻനെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കമ്പനിയുടെ ചെയർമാനും സ്ഥാപകനുമാണ് പട്നായിക്. ഞായറാഴ്ച അക്ഷയ തൃതീയ ദിനത്തിൽ നടന്ന യുകെയുടെ ആദ്യ ജഗന്നാഥ കൺവെൻഷനിൽ വെച്ചാണ് ക്ഷേത്രനിർമാണത്തിനായി ഈ തുക നൽകുമെന്ന് അദ്ദേഹം അറിയിച്ചത്.
സംരംഭകൻ, നിയമോപദേശകൻ, മനുഷ്യസ്നേഹി എന്നീ നിലകളിലും ബിശ്വനാഥ് പട്നായിക് പ്രശസ്തനാണ്. യുകെയിൽ ജഗന്നാഥ ക്ഷേത്രം നിർമിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ താനും ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫിൻനെസ്റ്റിന്റെ എംഡി അരുൺ കാറും ക്ഷേത്രനിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. യുകെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ക്ഷേത്രം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ആരാണ് ബിശ്വനാഥ് പട്നായിക് ? - ഒരു സംരംഭകനാകുന്നതിന് മുൻപ് ബാങ്കിങ്ങ് മേഖലയിൽ ആയിരുന്നു ബിശ്വനാഥ് പട്നായിക് ജോലി ചെയ്തിരുന്നത്. ബിഎൻപി വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡിൽ ആറ് വർഷത്തോളം അദ്ദേഹം ജോലി ചെയ്തു. ഉത്കൽ സർവകലാശാലയിൽ നിന്ന് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിഎയും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി.