രാജ്യത്തെ പ്രമുഖ എഫ്എംസിജി (FMCG) ഭീമനായ നെസ്ലെ ഇന്ത്യ ചില ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വില കൂട്ടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ഉൽപ്പാദനച്ചെലവ് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലാണെന്നും അത് തങ്ങളുടെ വരുമാനത്തെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഭക്ഷ്യ എണ്ണകൾ, കാപ്പി, ഗോതമ്പ് തുടങ്ങിയവയ്ക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. ഇത് നെസ്ലെയുടെ ഉൽപ്പാദനത്തെയും വിൽപ്പനയെയും കാര്യമായി ബാധിക്കുന്നുണ്ട്.
"വിലക്കയറ്റം ഇത് പോലെ തന്നെ മുന്നോട്ട് പോകാനാണ് സാധ്യത. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വാസമുണ്ട്. ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ വിലനിർണയം അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്," നെസ്ലെ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. മാഗി, കിറ്റ്കാറ്റ്, നെസ്കഫെ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ നെസ്ലെ ഇന്ത്യയുടെ കീഴിലാണ് വരുന്നത്. 2022 ന്റെ ആദ്യ പാദത്തിൽ നൂഡിൽസിന് മികച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ജനുവരി-ഡിസംബർ കലണ്ടർ വർഷമാണ് നെസ്ലെ ഇന്ത്യ പിന്തുടരുന്നത്.
ചോക്ലേറ്റ് ബ്രാൻഡുകളായ കിറ്റ്കാറ്റും നെസ്ലെ മഞ്ചും ഓരോ പാദത്തിലെയും കണക്കെടുപ്പിൽ മികച്ച ലാഭമാണ് കാണിക്കുന്നത്. ഇരു ബ്രാൻഡുകൾക്കും ഇരട്ട അക്ക വളർച്ചയുണ്ട്. ഇത് കമ്പനിക്ക് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. സമാനമായ രീതിയിൽ ബിവറേജസിൽ, നെസ്കഫേ ക്ലാസിക്കും സൺറൈസും ഇരട്ട അക്ക വളർച്ച കൈവരിച്ചതായും കമ്പനി വ്യക്തമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സീസണാണ് നിലവിലുള്ളത്. ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിച്ചതിനാൽ ആ മേഖലയിലും ലാഭമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു.
വ്യാഴാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2022 മാർച്ച് പാദത്തിൽ നെസ്ലെ 595 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കിയിട്ടുണ്ട്. മൊത്തം വിൽപ്പന 3,951 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം വിൽപ്പന വളർച്ച 9.7 ശതമാനവും ആഭ്യന്തര വിൽപ്പന വളർച്ച 10.2 ശതമാനവുമാണ്. ഉൽപ്പാദന പ്രക്രിയയിൽ നിന്നുള്ള ലാഭം വിൽപ്പനയുടെ 21 ശതമാനമാണ്. ഉയർന്ന പണപ്പെരുപ്പവും ഇന്ധനവിലയിലെ വർധനവും ഉൽപ്പാദനത്തിൻെറ എല്ലാ മേഖലയെയും ചെലവേറിയതാക്കിയിട്ടുണ്ട്. റഷ്യയുടെ യുക്രെയിൻ അധിനിവേശം ആഗോളതലത്തിൽ അസംസ്കൃത വസ്തുക്കളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ തങ്ങളുടെ ഉൽപ്പാദനച്ചെലവ് 30 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് റെസ്റ്റോറന്റുകളും വ്യക്തമാക്കിയിരുന്നു. തേയില, കാപ്പിപ്പൊടി, പാൽ, ന്യൂഡിൽസ് എന്നീ ഉൽപ്പന്നങ്ങളുടെ വില പ്രമുഖ കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവറും നെസ്ലെ ഇന്ത്യയും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. ബ്രൂ കാപ്പിപ്പൊടിയുടെ വില 3-7 ശതമാനമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ഉയർത്തിയത്. ബ്രൂ ഗോൾഡ് കോഫി ജാറുകൾക്ക് മൂന്ന് മുതൽ നാല് ശതമാനം വരെ വില വർധിപ്പിച്ചു. ബ്രൂ ഇൻസ്റ്റന്റ് കോഫി പാക്കറ്റുകൾക്ക് 3 - 6.66 ശതമാനം വരെയും വില വർധിപ്പിച്ചിട്ടുണ്ട്.