തിരുവനന്തപുരം: കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച 6 മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. കാലാവധി ഇനിയും നീട്ടണമെന്ന് സംസ്ഥാന സർക്കാരോ ബാങ്കേഴ്സ് സമിതിയോ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹര്യത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിലാണു കാലാവധി നീട്ടേണ്ടെന്ന നിലപാടെന്നു റിസർവ് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിച്ചു. മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ നാളേക്കകം കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.
മൊറട്ടോറിയം കാലയളവിലെ 6 മാസത്തെ പലിശ മാത്രം മറ്റൊരു വായ്പയായി കണക്കാക്കാൻ ചില ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. 6 മാസം കൊണ്ടു തിരിച്ചടയ്ക്കണം. ഈ സാധ്യത ശാഖയിൽ അന്വേഷിക്കുക. അപേക്ഷ വാങ്ങിയ ശേഷമാണ് പല ബാങ്കുകളും ഇടപാടുകാർക്ക് മൊറട്ടോറിയം അനുവദിച്ചത്. എങ്കിലും വായ്പ പുനഃക്രമീകരിക്കുന്നതിനു പുതിയ അപേക്ഷ നൽകേണ്ടതുണ്ടോ എന്ന് ബാങ്കിൽ അന്വേഷിക്കുക.