പശ്ചിമ ബംഗാളിലെ (West Bengal) സുന്ദര്‍ബനില്‍ (Sunderban) മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് 78 കിലോ ഭാരമുള്ള ഭീമന് മത്സ്യം (Giant Fish). ബികാഷ് ബര്‍മാന്‍ എന്ന മത്സ്യത്തൊഴിലാളിയും സംഘവും ചേര്‍ന്നാണ് ഭീമന് ടെലിയ ഭോല മത്സ്യത്തെ (Telia Bhola) പിടികൂടിയത്. തങ്ങളുടെ വലയില്‍ കുടുങ്ങിയ ഭീമന് മത്സ്യത്തെ പിടികൂടാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. കരയിലെത്തിച്ച ഉടന്‍ തന്നെ ഇവര്‍ മത്സ്യം മൊത്തവിപണിയില്‍ എത്തിച്ചു. മീനിന് ഏകദേശം 7 അടി നീളമുണ്ടായിരുന്നു. 36 ലക്ഷം രൂപയ്ക്കാണ് ഈ മീനിനെ വിറ്റത്. കൊല്‍ക്കത്തയിലെ കെഎംപി എന്ന സംഘടനയാണ് മത്സ്യം വാങ്ങിയത്. കിലോയ്ക്ക് 49,300 രൂപയ്ക്കാണ് വിറ്റത്.
മണ്‍സൂണ്‍ കാരണം ഒരു മാസത്തെ മത്സ്യബന്ധന നിരോധനത്തിന് ശേഷം മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളിയ്ക്ക് സെപ്റ്റംബറില്‍ കടല്‍ നല്കിയതും ഇത്തരത്തില്‍ ഒരു വലിയ ഭാഗ്യമായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നുള്ള ചന്ദ്രകാന്ത് താരെ എന്ന മത്സ്യത്തൊഴിലാളിയെയാണ് കഴിഞ്ഞ മാസം കടല്‍ കനിഞ്ഞ് അനുഗ്രഹിച്ചത്. 157 ഘോള്‍ മത്സ്യങ്ങളാണ് ചന്ദ്രകാന്തിന്റെ വലയില്‍ കുടുങ്ങിയത്. ഈ മീന്‍ വിറ്റ് 1.3 കോടിയിലധികം രൂപയാണ് താരെ നേടിയത്.
ഘോള്‍ മത്സ്യങ്ങളെ 'സ്വര്‍ണ്ണ ഹൃദയമുള്ള മത്സ്യം' എന്നാണ് വിളിക്കുന്നത്. മീനിന് ഇത്രയും ഉയര്‍ന്ന വില ലഭിക്കാന്‍ കാരണം അവയുടെ ആന്തരിക അവയവങ്ങളുടെ ഔഷധ ഗുണമാണ്. ഘോള്‍ മത്സ്യത്തിന്റെ തൊലിയില്‍ ഉയര്‍ന്ന അളവില്‍ കൊളാജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ധാരാളം ഭക്ഷണങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണ്. പോര്സിന്, ബോവിന് ജെലാറ്റിന്‍ എന്നിവയ്ക്ക് ഇത് ഒരു മികച്ച പകരക്കാരനായാണ് കണക്കാക്കുന്നത്.
കൂടാതെ മീനിന്റെ ചിറകുകള് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഓപ്പറേഷന്റെയും മറ്റും തുന്നലുകള്ക്കായുള്ള നൂല് നിര്‍മ്മിക്കാനും ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഘോള്‍ മത്സ്യങ്ങളുടെ ഒരു കൂട്ടം തന്നെയാണ് മത്സ്യബന്ധന തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത്. മത്സ്യത്തിന്റെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ മൊത്തത്തില്‍ 1.33 കോടി രൂപയ്ക്കാണ് വിറ്റത്. ഓരോ മത്സ്യത്തിനും ഏകദേശം 85,000 രൂപ ലഭിച്ചു. ഒറ്റരാത്രി കൊണ്ട് ചന്ദ്രകാന്ത് താരെ അങ്ങനെ കോടീശ്വരനായി മാറി.