കൊച്ചി: പതിനേഴാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. വൻ വർധനവിന് ശേഷമാണ് ഇന്ധന വില ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. അതേസമയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്.
ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും കുത്തനെ ഉയർന്നു. ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 69.45 ഡോളറാണ് വില. 72.48 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില. ഫെബ്രുവരി 27നാണ് ഏറ്റവും ഒടുവിൽ വില വർധിച്ചത്. അന്ന് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് വർധിച്ചത്.
കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാവാം വില വർധനയ്ക്കു താൽക്കാലിക ആശ്വാസം എന്നാണു വിലയിരുത്തൽ. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
അതേസമയം, ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം വന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം ചോദ്യത്തിന് മറുപടിയായി എഴുതി നല്‍കിയത്. ജിഎസ്ടി കൗണ്‍സിലില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ ഇന്ധനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും പരിഗണിച്ച് ഉചിതമായ സമയത്ത് പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ധന വില കുറക്കുന്നതിനായി നികുതി കുറയ്ക്കാനായും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യണമെന്ന് നിര്‍മല സീതാരാമന് പറഞ്ഞിരുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്. 2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റര്‍ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാര്‍ഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അടിസ്ഥാന എക്സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്സൈസ് തീരുവ (എസ്ഇഡി) എന്നിവയില്‍ കുറവ് വരുത്തിയിരുന്നു.
സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9 (2) അനുസരിച്ച് ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമാണ്. ജിഎസ്ടിക്ക് കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നതിന് ഇതുവരെ ജിഎസ്ടി കൗണ്‍സില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല -ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ പെട്രോളിയം ഉല്പന്നങ്ങളെ കൊണ്ടുവരാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അനുരാഗ് താക്കൂര്‍ പറഞ്ഞു.
സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം രാജ്യത്തെ ഇന്ധന വിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണ വില ഉയരാൻ ഈ ആക്രമണം വഴിവച്ചു. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യ സമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തിയത്. ബാരലിന് 71 ഡോളറിനു സമീപത്തേക്കു വരെ വില ഉയരുകയും ചെയ്തു.