ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നിലവിൽവന്നതോടെയാണ് രാജ്യത്ത് ഓൺലൈൻ ഷോപ്പിങ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. എന്നാൽ ലോക്ക് ഡൌൺ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിൽ ഏപ്രിൽ 20 മുതൽ ചില ഇളവുകൾ നൽകുമെന്ന് സൂചന നൽകിയിരുന്നു. അതനുസരിച്ച് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദേശപ്രകാരം ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്ക് ഏപ്രിൽ 20 മുതൽ പ്രവർത്തനം പുനഃരാരംഭിക്കാനാകും. ഇതോടെ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ആവശ്യമുള്ളതെന്തും ഓർഡർ ചെയ്യാനാകും.
അതിർത്തി നിർണ്ണയിച്ച കണ്ടെയ്നർ സോണുകൾ, ഹോട്ട്സ്പോട്ടുകൾ അല്ലെങ്കിൽ അണുബാധയുടെ വ്യാപനമോ അപകടസാധ്യതയോ കൂടുതലുള്ളമേഖലകൾ ഒഴികെ രാജ്യത്തുടനീളം എല്ലാ ചരക്ക് ഗതാഗതവും അനുവദിക്കുമെന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു. ചരക്കുകളുടെയും പാഴ്സലുകളുടെയും ഗതാഗതത്തിനായുള്ള റെയിൽവേയുടെ പ്രവർത്തനങ്ങൾ, വ്യോമഗതാഗതം വഴി ചരക്ക് നീക്കത്തിനായുള്ള ലാൻഡ് പോർട്ടുകളിലെയും പ്രവർത്തനങ്ങൾ, ട്രക്കുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ ചരക്ക് കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അനുമതി ഇതിൽ ഉൾപ്പെടുന്നു.