ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. പ്രജ്വല എന്ന ഹൈദരാബാദ് ആസ്ഥാനമായ എൻജിഒ നല്കിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.സമൂഹമാധ്യമങ്ങളിൽ ഇത്തരം അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് തടയാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്.
ഉടൻ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുടക്കത്തിൽ തന്നെ ഉള്ളടക്കം തടയാൻ കഴിയുമെന്ന് എൻജിഒക്ക് വേണ്ടി ഹാജരായ അപർണ ഭട്ട് ചൂണ്ടിക്കാട്ടി. എന്നാൽ, നടപടിയെടുക്കാൻ ഇത്തരം കണ്ടന്റുകൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ഇന്റർനെറ്റ് കമ്പനികൾ പറയുന്നു.
ഈ വിഷയത്തിൽ കോടതിയെ സഹായിക്കുന്നതിനായി നിയോഗിച്ച അമിക്കസ് ക്യൂറി എൻഎസ് നാപ്പിനായ് ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തി നീക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടണമെന്ന നിർദേശം മുന്നോട്ടുവെച്ചു. 2015ൽ ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ നടപടികളിലേക്ക് കടന്നത്.