ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ സംരംഭമായ ചന്ദ്രയാന്‍-2 ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ ഘട്ടം ഘട്ടമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമമാണ് ഐ.എസ്.ആര്.ഒ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാന പദ്ധതി ആയതിനാല്‍ ചന്ദ്രയാനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും നാം ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഇതിനിടയിലാണ് ചന്ദ്രയാന്‍ പകര്‍ത്തിയതെന്ന പേരില്‍ ഭൂമിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഈ ചിത്രങ്ങള്‍ യഥാര്ഥമല്ലെന്നതാണ് വസ്തുത. ഇവയൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതോ ഐ.എസ്.ആര്.ഒ പുറത്തുവിട്ടതോ അല്ലെന്നു സാരം. കലാകാരന്റെ ഭാവനയില്‍ വിരിഞ്ഞതാണ് പ്രചരിക്കുന്ന ഈ ചിത്രങ്ങളിലേറെയും. ഗൂഗിളില്‍ തിരഞ്ഞാല്‍ ഇവ നേരത്തെ ഏതൊക്കെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചവയാണെന്നു വ്യക്തമാകുകയും ചെയ്യും. വിവധ ലേഖനങ്ങള്‍ക്ക് അനുബന്ധമായാണ് ഇതില്‍ പല ചിത്രങ്ങളും ആ വെബ്സൈറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ ഇവയൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതോ ഐ.എസ്.ആര്.ഒ പുറത്തുവിട്ടതോ അല്ല.
വാട്സ്ആപ്പ് വഴി എത്തുന്ന വാര്‍ത്തകള്‍ എല്ലാം സത്യമായിരിക്കണമെന്നില്ല. സത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷമെ സമൂഹമാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളോ വിവരങ്ങളോ മറ്റൊരാള്‍ക്ക് കൈമാറാവൂ. വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ ഫോര്‍വേഡ് ചെയ്ത് വരുന്ന സന്ദേശങ്ങളില്‍ മിക്കതും വ്യാജമായിരിക്കും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാനാണ് അവയുടെ മുകളിലായി ഫോര്‍വേഡഡ് എന്ന ലേബല്‍ ചേര്‍ത്തിരിക്കുന്നത്. നമുക്ക് ഏറ്റവും അടുത്തു പരിചയമുള്ള ഒരാള്‍ അയച്ച സന്ദേശമാണെങ്കില്‍ കൂടി അതിന്റെ ആധികാരികത ഉറപ്പു വരുത്തിയശേഷമെ മറ്റൊരാള്‍ക്ക് കൈമാറാവൂ.