ശ്രീഹരിക്കോട്ട: ചന്ദ്രയാൻ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. 1041 സെക്കൻഡ് (17 മിനുട്ട് 35 സെക്കൻഡ് ) നേരത്തേക്ക് പേടകത്തിലെ പ്രപൾഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ അവസാനവട്ട ഭ്രമണപഥ വികസനവും പൂർത്തിയായി.
ഇന്ന് ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥ വികസനം പൂർത്തിയായത്. ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്. ഈ മാസം 14ന് ആണ് ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഗതിമാറുന്നത്. അടുത്ത മാസം ഏഴിനാണ് പേടകം ചന്ദ്രനിലെത്തുക.