ലോകത്തിലെ ഏറ്റവും ജനപ്രിയ ഡെസ്ക്ടോപ്പ്-ലാപ്ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന്റെ വിൻഡോസ്-7 പതിപ്പ് ഇനിമുതൽ ഇല്ല. 11 വർഷത്തെ സേവനമാണ് കഴിഞ്ഞ ദിവസം വിൻഡോസ് 7നുള്ള സുരക്ഷാ അപ്ഡേറ്റുകൾ ഒഴിവാക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത്. ഇന്ന് മുതൽ വിൻഡോസ് 7 ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പുകൾക്കും ലാപ്ടോപ്പുകൾക്കും യാതൊരുവിധ സുരക്ഷയുമുണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. ഇനിമുതൽ വിൻഡോസ് 10ൽ മാത്രമായിരിക്കും കമ്പനി ശ്രദ്ധ ചെലുത്തുക.
മൈക്രോസോഫ്റ്റ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഒന്നായിരുന്നു വിൻഡോസ് 7. ലോകത്തു ആകെയുള്ള പേഴ്സണൽ കംപ്യൂട്ടറുകളിൽ(ഡെസ്ക്ടോപ്പും ലാപ്ടോപ്പും) 54.62% ഇപ്പോൾ വിൻഡോസ് 10ലാണ് റൺ ചെയ്യുന്നത്. 26.64 ശതമാനം പിസികളിലാണ് വിൻഡോസ് 7 ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ 900 ദശലക്ഷത്തിലധികം ഉപകരണങ്ങൾ ഇപ്പോൾ വിൻഡോസ് 10ൽ പ്രവർത്തിക്കുമ്പോൾ 400 ദശലക്ഷം പിസികൾ ഇപ്പോഴും വിൻഡോസ് 7 പ്രവർത്തിപ്പിക്കുന്നു എന്നാണ് കണക്ക്. അതിനിടെയാണ് വിൻഡോസ് 7 പിൻവലിക്കാൻ കമ്പനി തീരുമാനിച്ചത്. സോഫ്റ്റ്വെയറും സുരക്ഷാ അപ്ഡേറ്റുകളും ഇല്ലാതെ വിൻഡോസ് 7 പ്രവർത്തിക്കുന്ന പിസി ഉപയോഗിക്കുന്നത് തുടരാമെങ്കിലും, ഇത് വൈറസുകളും മാൽവെയറുകളും കൂടുതൽ അപകടസാധ്യത ഉണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഇനിയുള്ള കാലം സുരക്ഷിതമായി പിസി ഉപയോഗിക്കാൻ ഏറ്റവും നല്ല മാർഗം വിൻഡോസ് 10 ആണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
ഒരു പുതിയ വിൻഡോസ് 10 ലൈസൻസിന് വിൻഡോസ് 10 ഹോമിന് 9,299 രൂപയും വിൻഡോസ് 10 പ്രോയ്ക്ക് 14,999 രൂപയുമാണ് വില. ഇത് ഒരു പിസിക്കുവേണ്ടി മാത്രമുള്ള ലൈസൻസിന്റെ വിലയാണ്. പഴയ പിസി ഉള്ളവർ, വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡു ചെയ്യുന്നതിനുപകരം പുതിയ ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 'വിൻഡോസ് 7 ഉപയോഗിച്ച് നിർമ്മിച്ച പിസികൾ 10 വർഷം പഴക്കമുള്ള സാങ്കേതികവിദ്യയിലാണ് പ്രവർത്തിപ്പിക്കുന്നത്. വിൻഡോസ് 10 ൽ നിന്ന് സമാന സവിശേഷതകൾ വിൻഡോസ് 10ൽ ഉണ്ട്"- മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
വിൻഡോസ് 10ൽ കൂടുതൽ പുതുമകൾ കൊണ്ടുവരുന്നതിനുവേണ്ടി മൈക്രോസോഫ്റ്റ് വിൻഡോസ് 7 പ്രവർത്തനം അവസാനിപ്പിക്കുന്നത്. വിൻഡോസ് 7ന് ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിൻഡോസ് 8 വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല. വിൻഡോസിന്റെ എക്കാലത്തെയും മികച്ച ഒ.എസുകളിൽ ഒന്നായിരുന്ന എക്സ്.പി 2014ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. വിൻഡോസ് 8 പുറത്തിറക്കാൻ വേണ്ടിയായിരുന്നു വിൻഡോസ് എക്സ്.പി പെട്ടെന്ന് അവസാനിപ്പിച്ചത്. എന്നാൽ വിൻഡോസ് 8 പരാജയമായതോടെ 2015ൽ വിൻഡോസ് 10 പുറത്തിറക്കുകയായിരുന്നു.
വിൻഡോസ് 10 സൌജന്യമായി നേടാം- വിൻഡോസ് 7 ഒറിജിനൽ ലൈസൻസ് ഉള്ളവർക്ക് വിൻഡോസ് 10-ന്റെ പകർപ്പ് സൌജന്യമായി നേടാൻ ഒരു വഴിയുണ്ട്. വിൻഡോസ് 10 ഡൌൺലോഡ് പേജിലേക്ക് പോയി മീഡിയ ക്രിയേഷൻ ടൂൾ നേടുക. ആപ്പ് പ്രവർത്തിപ്പിക്കുക, ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിച്ച് ഈ പിസി അപ്ഡ്രേഡു ചെയ്യുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നെക്സ്റ്റ് കൊടുക്കുക. ഉപയോക്താക്കൾ സ്വകാര്യ ഫയലുകളും ആപ്ലിക്കേഷനും സൂക്ഷിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഡൌൺലോഡ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കുക. ഡൌൺലോഡ് പൂർത്തിയായി ഇൻസ്റ്റാലേഷൻ നടന്നുകഴിഞ്ഞാൽ വിൻഡോസ് അപ്ഡേറ്റ് വിഭാഗത്തിൽനിന്ന് വിൻഡോസ് സജീവമാക്കി പുതിയ ഒ.എസ് ഉപയോഗിക്കാൻ സാധിക്കും.